LiveTV

Live

Kerala

അവയവക്കച്ചവട സംഘത്തിലെ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നത് ആശുപത്രികള്‍ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച്

ആശുപത്രിയുടെ അറിവോടെയാണോ ഏജന്‍റുമാരുടെ പ്രവര്‍ത്തനമെന്ന് അന്വേഷിക്കും.കേസില്‍ അവയവദാതാക്കളും,സ്വീകര്‍ത്താക്കളും പ്രതിയാകുമെന്ന സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍

അവയവക്കച്ചവട സംഘത്തിലെ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നത് ആശുപത്രികള്‍ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച്

സംസ്ഥാനത്തെ അവയവക്കച്ചവട മാഫിയ സംഘത്തിലെ ഏജന്‍റുമാര്‍ പ്രവര്‍ത്തിയ്ക്കുന്നത് ആശുപത്രികള്‍ കേന്ദ്രീകരിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ആശുപത്രിയുടെ അറിവോടെയാണോ ഏജന്‍റുമാരുടെ പ്രവര്‍ത്തനമെന്ന് അന്വേഷിക്കും. അതേസമയം കേസില്‍ അവയവദാതാക്കളും, സ്വീകര്‍ത്താക്കളും പ്രതിയാകുമെന്ന സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ അവയവ കച്ചവട മാഫിയ സംഘത്തിലെ ഏജന്‍റുമാരെ കേന്ദ്രീകരിച്ച് നിര്‍ണ്ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചിരിക്കുന്നത്. അവയവ മാറ്റം നടക്കുന്ന ആശുപത്രികള്‍ കേന്ദ്രീകരിച്ച് തന്നെ ഏജന്‍റുമാര്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നാണ് നിഗമനം.

അവയവ ദാതാക്കളെയും, സ്വീകര്‍ത്താക്കളെയും തിരിച്ചറിയുന്നതിന് ഏജന്‍റുമാര്‍ക്ക് സഹായകമാകുന്നത് ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകളാണ്. ആശുപത്രികള്‍ അറിഞ്ഞാണോ ഏജന്‍റുമാര്‍ പ്രവര്‍ത്തിയ്ക്കുന്നതെന്ന് അന്വേഷണ സംഘം വിശദമായി പരിശോധിയ്ക്കും. അവയവ മാറ്റവുമായി ബന്ധപ്പെട്ടുള്ള ശസ്ത്രക്രിയകള്‍ക്ക് ലക്ഷങ്ങളാണ് ഫീസ് ലഭിയ്ക്കുന്നത്. ഇത് കൊണ്ടുതന്നെ ഏജന്‍റുമാരും ചില ആശുപത്രികളും അനധികൃത ഇടപാടുകളില്‍ പങ്കാളികളാകുന്നതായാണ് സംശയിക്കുന്നത്.

ഒരിടപാടില്‍ മാത്രം ഏജന്‍റുമാര്‍ക്ക് 2 മുതല്‍ 5 ലക്ഷം വരെ കമ്മീഷനും ലഭിയ്ക്കും. ഏജന്‍റുമാരും സംശയനിഴലിലുള്ള ആശുപത്രികളും തമ്മില്‍ സാന്പത്തിക ഇടപാടുകള്‍ നടക്കുന്നുണ്ടോയെന്നും പ്രത്യേകം അന്വേഷിയ്ക്കും. ക്രൈംബ്രാഞ്ച് അന്വേഷണം വിപുലമാക്കുന്നതിനിടെ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ അന്വേഷണത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുണ്ട്. അവയവ മാറ്റവുമായി ബന്ധപ്പെട്ട നിയമപ്രകാരം

ദാതാവും സ്വീകര്‍ത്താവും പ്രതിയാകുമെന്ന വ്യവസ്ഥയാണ് ഇത്തരമൊരു വിലയിരുത്തലിനാധാരം. ഇത് പരാതിക്കാര്‍ക്ക് പരാതിയുമായി മുന്നോട്ട് വരാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുമെന്നതിനാല്‍ നിയമവശം വിശദമായി പരിശോധിച്ച് വരികയാണ് ക്രൈംബ്രാഞ്ച്.