LiveTV

Live

Kerala

മുന്നാക്ക സംവരണം: സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി മുസ്‍ലിം സംഘടനകള്‍

പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കുന്നതാണ് ഇപ്പോള്‍ നടപ്പാക്കിയ മുന്നാക്ക സംവരണമെന്ന് മുസ്‍ലിം സംഘടനകളുടെ സംയുക്ത യോഗം വിലയിരുത്തി

മുന്നാക്ക സംവരണം: സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങി മുസ്‍ലിം സംഘടനകള്‍

സംവരണ അട്ടിമറിക്കെതിരെ പിന്നാക്കസമുദായങ്ങളുമായി യോജിച്ച പ്രക്ഷോഭത്തിന് മുസ്‍‍ലിം സംഘടനകളുടെ തീരുമാനം. സാമ്പത്തിക സംവരണത്തിനെതിരെ സുപ്രിം കോടതിയിലും ഹൈക്കോടതിയിലും കേസുകൾ നൽകും. അശാസ്ത്രീയമായ മുന്നാക്ക സംവരണം പുനപ്പരിശോധിക്കണമെന്നും മുസ്‍ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കുന്നതാണ് ഇപ്പോള്‍ നടപ്പാക്കിയ മുന്നാക്ക സംവരണമെന്ന് മുസ്‍ലിം സംഘടനകളുടെ സംയുക്ത യോഗം വിലയിരുത്തി. ഇതിനെ നിയമപരമായും പ്രക്ഷോഭത്തിലൂടെയും നേരിടും. സംവരണ സമുദായങ്ങളുമായി യോജിച്ച് നീങ്ങാനും യോഗത്തില്‍ തീരുമാനമായി. വിവിധ സമുദായ സംഘടനകളുടെ സംയുക്ത യോഗം ബുധനാഴ്ച എറണാകുളത്ത് ചേരും.

സാമ്പത്തിക സംവരണം നടപ്പാക്കിത്തുടങ്ങിയപ്പോള്‍ തന്നെ പിന്നാക്ക വിഭാഗങ്ങളുടെ സംവരണാനുകൂല്യങ്ങളെ ബാധിച്ചു. വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തില്‍ ഇത് വ്യക്തമായെന്നും യോഗം വിലയിരുത്തി.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സമസ്ത, കാന്തപുരം വിഭാഗം, ജമാഅത്തെ ഇസ്‍ലാമി, വിവിധ മുജാഹിദ് സംഘടനകള്‍, ജമഇയ്യത്തുല്‍ ഉലമ, എം ഇ എസ് തുടങ്ങി എല്ലാ പ്രധാന മുസ്ലിം സംഘടനാ പ്രതിനിധികളും പങ്കെടുത്തു.