LiveTV

Live

Kerala

സംസ്ഥാനത്ത് അവയവകച്ചവട മാഫിയ ഉണ്ടെന്ന് മീഡിയവണ്‍ ഒരു വര്‍ഷം മുമ്പ് പറഞ്ഞു...

സംസ്ഥാനത്തെ അവയവകച്ചവട മാഫിയക്ക് എതിരായ അന്വേഷണം വിപുലീകരിക്കാന്‍ ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ്.

സംസ്ഥാനത്ത് അവയവകച്ചവട മാഫിയ ഉണ്ടെന്ന് മീഡിയവണ്‍ ഒരു വര്‍ഷം മുമ്പ് പറഞ്ഞു...

കേരളത്തില്‍ അവയവ മാഫിയ സജീവമാണെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ടുചെയ്തത് ഒരു വര്‍ഷം മുമ്പാണ്.. കൃത്യമായി പറഞ്ഞാല്‍ 2019 സെപ്തംബറില്‍. ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് അവയവകച്ചവട മാഫിയ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഇതിന് വേണ്ടി സംസ്ഥാനത്ത് ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

തൃശൂര്‍ ചാവക്കാട് സ്വദേശികളായ നജീബുദ്ദീന്‍, സുഹൃത്ത് വാഹീദ് എന്നീ രണ്ട് പതിനാറുകാരുടെ അപകടമരണത്തില്‍ നജീബുദ്ദീന്‍റെ പിതാവിനുണ്ടായ സംശയമാണ് സംസ്ഥാനത്ത് അവയവ മാഫിയ ഉണ്ടെന്ന സംശയം ബലപ്പെടുത്തിയത്. അതിന് തൊട്ട് മുമ്പ് ഇറങ്ങിയ ജോസഫ് എന്ന സിനിമയില്‍ പറയുന്നതുപോലെ, അവയവ കച്ചവടത്തിന് വേണ്ടി കൃത്രിമമായി സൃഷ്ടിച്ചെടുത്ത വാഹനാപകടത്തിന്‍റെ ഇരകളായി മാറുകയായിരുന്നു തന്‍റെ മകനും കൂട്ടുകാരനും എന്നായിരുന്നു നജീബുദ്ദീന്‍റെ പിതാവ് ഉസ്‍മാന്‍റെ ആരോപണം.

വീഡിയോ കാണാം:

2016 നവംബര്‍ 20 ന് രാത്രിയാണ് അപകടമുണ്ടായത്. ഇരുവരെയും രണ്ട് വാഹനങ്ങളിലായാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആരാണ് ആശുപത്രിയിലെത്തിച്ചത് എന്നതിന് രേഖകളില്ല. ആശുപത്രിയിലെത്തിച്ചവരെ പ്രദേശവാസികള്‍ക്കും പരിചയമില്ല. അപകടം നടന്ന ഉടനെ ഇല്ലാതിരുന്ന പല മുറിവുകളും പിന്നീട് കുട്ടികളുടെ ശരീരത്തിലുണ്ടായിരുന്നു. ഉസ്മാന്‍റെ പരാതിയെ തുടര്‍ന്ന് കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

കൂടാതെ അവയവ കച്ചവടത്തിന്‍റെ ഇരയാകേണ്ടിവന്ന കൊടുങ്ങല്ലൂരിലെ ചിലര്‍ നല്‍കിയ പരാതിയും അന്വേഷണത്തിലേക്ക് സര്‍ക്കാരിനെ നയിക്കുകയായിരുന്നു. ഇവിടെ ഒരു കോളനിയിലെ നിര്‍ധനരായ കുടുംബങ്ങള്‍ വിവിധ ആശുപത്രികളിലായി വൃക്ക കൈമാറിയതായി കണ്ടെത്തിയിരുന്നു.

സംസ്ഥാനത്തെ അവയവകച്ചവട മാഫിയക്ക് എതിരായ അന്വേഷണം വിപുലീകരിക്കാന്‍ ക്രൈംബ്രാഞ്ചിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ്. തൃശൂര്‍ എസ്‍.പി സുദര്‍ശന്‍റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍, ഇടനിലക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരടക്കം ഈ അവയവകച്ചവട മാഫിയയുടെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം
Also Read

അവയവക്കച്ചവട മാഫിയക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം

സംസ്ഥാന സര്‍ക്കാരിന്‍റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവട മാഫിയ പ്രവര്‍ത്തിക്കുന്നത്. മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത്, അതില്‍ അംഗമായിട്ടുള്ള 35 ആശുപത്രികള്‍ വഴി മാത്രമായിരിക്കണം അവയവക്കൈമാറ്റം നടത്താവൂ എന്നാണ് നിലവിലുള്ള നിയമം. ഇതാണ് പലതരത്തില്‍ മാഫിയാ സംഘങ്ങള്‍ അട്ടിമറിക്കുന്നത്.