LiveTV

Live

Kerala

പാലാ ലക്ഷ്യമിട്ട് പി സി ജോര്‍ജ്; പൂഞ്ഞാര്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

നീക്കം വിജയിച്ചാല്‍ പൂഞ്ഞാറില്‍ ഐ വിഭാഗം നേതാവ് സ്ഥാനാര്‍ഥിയായേക്കും. എന്നാല്‍ പി സി ജോര്‍ജിനെ പിന്തുണക്കുന്ന ഫോര്‍മുലയില്‍ എ വിഭാഗം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

പാലാ ലക്ഷ്യമിട്ട് പി സി ജോര്‍ജ്; പൂഞ്ഞാര്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും

യുഡിഎഫ് സഹകരണം പ്രഖ്യാപിച്ച പി സി ജോര്‍ജിന്‍റെ ലക്ഷ്യം പാലാ സീറ്റെന്ന് സൂചന. യുഡിഎഫ് പിന്തുണയോടെ പാലായില്‍ മത്സരിപ്പിക്കാമെന്ന ആലോചന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍‍ക്കുമുണ്ട്. നീക്കം വിജയിച്ചാല്‍ പൂഞ്ഞാറില്‍ കോണ്‍ഗ്രസിലെ ഐ വിഭാഗം നേതാവ് സ്ഥാനാര്‍ഥിയായേക്കും. എന്നാല്‍ പി സി ജോര്‍ജിനെ പിന്തുണക്കുന്ന ഫോര്‍മുലയില്‍ എ വിഭാഗം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

യുഡിഎഫിന്റെ ഭാഗമാകാനുള്ള ആഗ്രഹം പി സി ജോര്‍ജ്ജ് പരസ്യമാക്കി കഴിഞ്ഞു. ഇക്കാര്യം യുഡിഎഫ്‍ ചര്‍ച്ച ചെയ്തിട്ടില്ലെങ്കിലും ജോര്‍ജ് വന്നാല്‍ സീറ്റ് വിഭജനം എങ്ങനെയാകണമെന്ന ആലോചന ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. പൂഞ്ഞാര്‍ ഏറ്റെടുത്താല്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ലക്കാരനായ നേതാവിനെ മത്സരിപ്പിക്കാനാണ് ഐ ഗ്രൂപ്പിന്റെ ആലോചന. ഇതുവഴി രണ്ട് സീറ്റിലും വിജയം ഉറപ്പാക്കാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. പാലായില്‍ മത്സരിക്കാമെന്ന ആത്മവിശ്വാസം പി സി ജോര്‍ജും പ്രകടിപ്പിച്ചിട്ടുണ്ട്.

ഇടത് മുന്നണിയില്‍ മാണി സി കാപ്പന്‍ സ്ഥാനാര്‍ഥിയായാലും, ജോസ് കെ മാണി പക്ഷ സ്ഥാനാര്‍ഥിയായാലും പി സി ജോര്‍ജ് മികച്ച എതിരാളിയാവും. എന്നാല്‍ മുസ്‍ലിം വിരുദ്ധ പരാമര്‍ശങ്ങളും ബിജെപി സഹകരണവുമാണ് പി സി ജോര്‍ജിന് വിനയാകുന്നത്. ഈ സാഹചര്യത്തില്‍ ജോര്‍ജിനെ സഹകരിപ്പിക്കുന്നതില്‍ കോട്ടയത്തെ മുസ്‍ലിം ലീഗിലും എതിര്‍പ്പുണ്ട്. എ ഗ്രൂപ്പും ഇക്കാര്യത്തില്‍ വലിയ താത്പര്യം കാട്ടുന്നില്ല. എതിര്‍പ്പ് മറികടക്കാന്‍ പി സി ജോര്‍ജ് തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ നേരിട്ട് വിളിച്ച് സഹായം തേടി.