LiveTV

Live

Kerala

സി.പി.എം പ്രചരിപ്പിക്കുന്നത് സംഘ്പരിവാറിനെ തോൽപ്പിക്കുന്ന വർഗീയത - എം.ഐ അബ്ദുൽ അസീസ്

സി.പി.എം പ്രചരിപ്പിക്കുന്നത് സംഘ്പരിവാറിനെ തോൽപിക്കുന്ന വർഗീയത. രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഇസ്‌ലാമോഫോബിയ പരത്തുന്നത് സി.പി.എമ്മിന്‍റെ പതിവുരീതിയാണെന്ന് ജമാഅത്തെ ഇസ്‍ലാമി അമീർ

സി.പി.എം പ്രചരിപ്പിക്കുന്നത് സംഘ്പരിവാറിനെ തോൽപ്പിക്കുന്ന വർഗീയത - എം.ഐ അബ്ദുൽ അസീസ്

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് കേരളത്തിൽ സംഘ്പരിവാറിനേക്കാൾ വലിയ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സി.പിഎം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം പോലുള്ള ഒരു പ്രസ്ഥാനം സംഘ്പരിവാറിനേക്കാൾ വലിയ വർഗീയത കാണിക്കുന്നതിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴെല്ലാം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപരസ്ഥാനത്ത് നിർത്തി, ഇസ്‌ലാമോഫോബിയ പരത്തുന്നത് സി.പി.എമ്മിന്‍റെ പതിവുരീതിയാണ്. സംഘ്പരിവാരിനെതിരെ വലിയവായിൽ സംസാരിക്കുകയും പിന്നാക്ക ന്യൂനപക്ഷങ്ങളെ മൂലധനമായി സ്വീകരിക്കുകയും എന്നാൽ സംഘ്പരിവാർ അജണ്ട നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് കേരളത്തിൽ സി.പി.എം തുടരുന്നത്. കോടിയേരിയുടെ വാർത്താ സമ്മേളനവും ധൃതിപിടിച്ച് നടപ്പിലാക്കിയ മേൽജാതി സംവരണവും അതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ്. അങ്ങേയറ്റം അഴിമതിയിൽ ആണ്ടുകിടക്കുന്ന സർക്കാരിന്‍റെയോ അതിനെ നയിക്കുന്ന സി.പി.എമ്മിന്‍റെയോ ഗുഡ് സർട്ടിഫിക്കറ്റ് ആർക്കും ആവശ്യമില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ഇന്നോളമുള്ള സാമൂഹ്യ ഇടപെടലുകൾ സുതാര്യവും തെളിമയുള്ളതുമാണ്. രാജ്യത്തിന്‍റെ പൊതുനൻമയും മതനിരപേക്ഷതയും മുന്നിൽകണ്ട് മാനവികവും ജനാധിപത്യപരവുമായ ഇടപെടലുകൾ നടത്താൻ ജമാഅത്തെ ഇസ്‌ലാമി സാധ്യതയനുസരിച്ച് ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുമായി മുൻകാലങ്ങളിൽ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്ന സി.പി.എം പ്രസ്താവന പരിഹാസ്യമാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്ന കാലത്ത് ജമാഅത്ത് ഇടത്-വലത് മുന്നണികളിൽപെട്ടവർക്ക് പിന്തുണ പ്രഖ്യാപിക്കുകയും അവരത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 2006ലും 2011ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി പിന്തുണച്ചത് മൊത്തത്തിൽ എൽ.ഡി.എഫിനെയായിരുന്നു. സി.പി.എമ്മിന്‍റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കൾ നടത്തിയ സംസാരത്തിന്‍റെയും പരസ്പര ധാരണയുടെയും അടിസ്ഥാനത്തിലായിരുന്നു ഈ പിന്തുണയെന്നിരിക്കെ ഇപ്പോൾ ജമാഅത്തിൽ വർഗീയത ആരോപിക്കുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലായ്മയാണെന്നും അമീര്‍ കുറ്റപ്പെടുത്തി.