LiveTV

Live

Kerala

സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് അഭിഭാഷകന്‍; ജാമ്യംതേടി സുപ്രീംകോടതിയിലേക്ക്

സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അഭിഭാഷകന്‍ വിൽസ് മാത്യൂസ്

സിദ്ദിഖ് കാപ്പന്‍റെ സുരക്ഷയില്‍ ആശങ്കയെന്ന് അഭിഭാഷകന്‍; ജാമ്യംതേടി സുപ്രീംകോടതിയിലേക്ക്

യു.എ.പി.എ ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജാമ്യത്തിനായി വീണ്ടും സുപ്രീംകോടതിയിലേക്ക്. സിദ്ദിഖ് കാപ്പനെ കാണാൻ മഥുര കോടതിയും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നത്. മഥുര ജയിലധികൃതരുടെ നടപടി നിയമവിരുദ്ധമാണെന്നും ജയിലിൽ കാപ്പൻ സുരക്ഷിതനല്ലെന്നും അഭിഭാഷകൻ വിൽസ് മാത്യു മീഡിയവണിനോട് പറഞ്ഞു.

ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കെയുഡബ്ല്യുജെയാണ് സിദ്ദിഖ് കാപ്പന് വേണ്ടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുന്നത്. നേരത്തെ കെയുഡബ്ല്യുജെ നൽകിയ ഹേബിയസ് കോ൪പസ് ഹരജി പരിഗണിച്ച സുപ്രീംകോടതി, ആവശ്യമെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി സിദ്ദിഖ് കാപ്പനെ കാണാൻ അഭിഭാഷകന് സാധിച്ചിരുന്നില്ല. മഥുര കോടതിയും ജയിലധികൃതരും അനുമതി നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. കാപ്പന്റെ സുരക്ഷയിൽ ആശങ്കയുളവാക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

യുപിയിൽ അവകാശങ്ങളെല്ലാം ഹനിക്കപ്പെടുകയാണ്. തിങ്കളാഴ്ച കോടതിയിൽ നൽകുന്ന ഹരജിയിൽ ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഹാഥ്റസ് സംഭവം റിപ്പോർട്ട് ചെയ്യാനായി പോകവെയാണ് സിദ്ദിഖ് കാപ്പനെ ഈ മാസം അഞ്ചിന് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.