LiveTV

Live

Kerala

ഇടുക്കിയില്‍ 16കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പീഡനത്തിന് ഇരയായ ദലിത് പെൺകുട്ടി ഇന്നലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഇടുക്കിയില്‍ 16കാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഇടുക്കി നരിയമ്പാറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. നരിയമ്പാറ സ്വദേശി മനു മനോജ്‌ ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ ദലിത് പെൺകുട്ടി ഇന്നലെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി ഒളിവിലായിരുന്ന മനു മനോജ് ഇന്ന് രാവിലെ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ ഡിവൈഎസ്പിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിൽ റിമാൻഡ് ചെയ്തു. ‌ഐപിസി 376, പോക്സോ, എസ്‍സി എസ്‍ടി ആക്ടുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

മൂന്ന് ദിവസം മുന്‍പാണ് പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുന്നത്. വീട്ടുകാരുടെ പരാതിയില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നതിനിടയില്‍ ഇന്നലെ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഇന്നലെ രാവിലെയാണ് പെണ്‍കുട്ടി വീട്ടിലെ ശുചിമുറിയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. 45 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി അപകടനില തരണം ചെയ്തെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നരിയമ്പാറയിലെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായ മനുവിനെ പീഡന പരാതി ഉയർന്ന സാഹചര്യത്തിൽ സംഘടനയിൽ നിന്ന് പുറത്താക്കി.