LiveTV

Live

Kerala

മൃതദേഹ സംസ്കരണം: പുതിയ ഉത്തരവിലും പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ല; പ്രതിഷേധവുമായി വിസ്ഡം ഓർഗനൈസേഷൻ

ആശുപത്രി വാസത്തിനു ശേഷം മരണപ്പെടുന്ന രോഗിയുടെ പ്രോട്ടോകോൾ അനുസരിച്ചുള്ള ശുചീകരണമാണ് ഏറ്റവും പ്രധാനമായി ഉന്നയിച്ചിരുന്ന പ്രശ്നം.

മൃതദേഹ സംസ്കരണം: പുതിയ ഉത്തരവിലും പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ല; 
പ്രതിഷേധവുമായി വിസ്ഡം ഓർഗനൈസേഷൻ

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ നൽകിയ നിവേദനത്തിന് ശേഷം ആരോഗ്യ വകുപ്പ് ഇന്ന് പുറത്തിറക്കിയ ഉത്തരവിലും പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും ഇത് പ്രതിഷേധാർഹമാണെന്നും വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ. ഒക്ടോബർ 14 ന് സർക്കാർ ഇറക്കിയ മാർഗനിർദേശങ്ങൾ വീണ്ടും ആവർത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ആരോപിച്ചു.

ആശുപത്രി വാസത്തിനു ശേഷം മരണപ്പെടുന്ന രോഗിയുടെ പ്രോട്ടോകോൾ അനുസരിച്ചുള്ള ശുചീകരണമാണ് ഏറ്റവും പ്രധാനമായി ഉന്നയിച്ചിരുന്ന പ്രശ്നം. അതിനുള്ള അവസരം പുതിയ ഉത്തരവിലുമില്ല. മരണപ്പെട്ട അതേ അവസ്ഥയിൽ വിസർജ്യങ്ങൾ പോലും വൃത്തിയാക്കാതെയാണ് പലപ്പോഴും മൃതദേഹങ്ങൾ ആശുപത്രിയിൽ ബോഡി ബാഗിലാക്കുന്നത് എന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ആശുപത്രി അധികൃതർ ബാഗിലാക്കി തരുന്ന മൃതദേഹം അതേ പ്രകാരം മറവു ചെയ്യണമെന്ന നിർദേശം മൃതദേഹത്തിന്‍റെ അന്തസ്സും അഭിമാനവും സംരക്ഷിക്കണമെന്നും മതാചാരങ്ങൾ മാനിക്കണമെന്നുമുള്ള ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. കോവിഡ് പ്രോട്ടോകോൾ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് മതപരമായ രീതിയിൽ കുളിപ്പിക്കാൻ ബന്ധുക്കൾക്ക് അനുവാദം ലഭിക്കേണ്ടതുണ്ട്. അതിനാവശ്യമായ പരിശീലനം അവർക്ക് നൽകാവുന്നതേയുള്ളൂ. WHO യുടെ മാർഗനിർദേശത്തിൽ ഇതിന് അനുവാദവും നൽകുന്നുമുണ്ട്. മൃതദേഹം കുളിപ്പിക്കൽ, മുടി വെട്ടി കൊടുക്കൽ, നഖം മുറിക്കൽ എന്നിവ ചെയ്യുമ്പോൾ പി.പി.ഇ കിറ്റ്, ഫെയിസ് ഷീൽഡ്, മാസ്ക് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശങ്ങളാണ് ലോകാരോഗ്യസംഘടനയുടെ ഏറ്റവും അവസാനമിറങ്ങിയ മാർഗ നിർദേശങ്ങളിലുള്ളൂ. ഇപ്പോൾ പുറത്ത് വന്ന മാർഗ നിർദേശത്തിൽ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകുന്നതിനുള്ള വിലക്ക് നീക്കിയതിലൂടെ ഇതുവരെ നടപ്പാക്കിയ പല തീരുമാനങ്ങളും ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരമല്ലാതെയുള്ള അനാവശ്യ പ്രോട്ടോകോൾ ആയിരുന്നുവെന്നത് അത്യന്തം ഗൗരവമുള്ള വിഷയമാണ്.

മൃതദേഹ സംസ്കരണം: പുതിയ ഉത്തരവിലും പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചില്ല; 
പ്രതിഷേധവുമായി വിസ്ഡം ഓർഗനൈസേഷൻ

മൃതദേഹ സംസ്കരണം സങ്കീർണമായ സാങ്കേതിക കുരുക്കിലകപ്പെടാനുണ്ടായ സാഹചര്യത്തെയും ഇന്ന് പുറത്തിറങ്ങിയ ഉത്തരവിൽ മത സംഘടനകളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ പോയതിനെ സംബന്ധിച്ചും മുഖ്യമന്ത്രി പ്രത്യേകം പരിശോധിക്കണമെന്ന് വിസ്ഡം ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ഇനിയും കൂടുതൽ പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കുളിപ്പിക്കാൻ കഴിയാതെ മറവ് ചെയ്യുന്ന സാഹചര്യം ഒഴിവാക്കാന്‍ ഉത്തരവിൽ ആവശ്യമായ മാറ്റങ്ങൾ അനിവാര്യമാണ്. സാധാരണയിൽ കൂടുതൽ ആഴത്തിലുള്ള ഖബറുകൾ വേണമെന്ന നിർദ്ദേശം ലോകാരോഗ്യസംഘടന മുന്നോട്ടുവയ്ക്കുന്നില്ല. പത്തടി താഴ്ചയിൽ കുഴി എടുക്കണം എന്ന നിർദ്ദേശം സര്‍ക്കാര്‍ ഔദ്യോഗികമായി പുറപ്പെടുവിച്ചതും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. യാതൊരടിസ്ഥാനവുമില്ലാതെ തുടർന്ന് വന്ന അനാവശ്യ കീഴ് വഴക്കം മാത്രമാണിത്. ഇത് പുന:പരിശോധിക്കണമെന്ന മുസ്‍ലിം സംഘടനകളുടെ ആവശ്യത്തിനും പുതിയ മാർഗനിർദേശത്തിൽ വ്യക്തത നൽകുന്നില്ലെന്ന് വിസ്ഡം ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി.