LiveTV

Live

Kerala

3.81 കോടി രൂപയുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു

എംഇഎസ് പ്രസിഡണ്ട് ഫസൽ ഗഫൂറിനെതിരെ കേസെടുക്കുന്നതിലേക്ക് നയിച്ച പരാതി ഇങ്ങനെയാണ്

3.81 കോടി രൂപയുടെ തിരിമറി; ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു

എം.ഇ.എസ് ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ സംഘടനയുടെ പ്രസിഡന്‍റ് ഡോക്ടർ ഫസൽ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തു. 2011 - 12 കാലയളവിൽ മൂന്ന് കോടി 81 ലക്ഷം രൂപ രണ്ട് കമ്പനികൾക്ക് കൈമാറിയെന്നാണ് പരാതി. എം.ഇ.എസ് അംഗം നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

2011 ഡിസംബർ 22ന് എം.ഇ.എസിന്‍റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽനിന്ന് (അക്കൗണ്ട് നമ്പർ 425700 0100000766) ചെക്ക് നമ്പർ 33 2136 മുഖേന മൂന്നു കോടി 70 ലക്ഷം രൂപ കോഴിക്കോട് തിരുവങ്ങൂരെ ടാർസ് ഡെവലപ്പേർസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. എംഇഎസ് സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സൊസൈറ്റിയാണ്. അതിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതിൽ ചെലവുകൾ പാസ്സാക്കുന്നത്. പ്രത്യേക ചെലവുകൾ ജനറൽ ബോഡിയുടെ അംഗീകാരം വാങ്ങിയും ചെലവാക്കും. എക്സിക്യൂട്ടീവ്, ജനറൽബോഡി എന്നിവയുടെ അനുമതി വാങ്ങാതെ ഈ മൂന്നു കോടി 70 ലക്ഷം രൂപ കൈമാറി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആരോപണം. ഈ തുക റിയൽ എസ്റ്റേറ്റ് കമ്പനിയായ ടാർസ് ഡെവലപ്മെൻറ് ആയി ബന്ധപ്പെട്ട് ഫസൽ ഗഫൂർ സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിച്ചു എന്നതാണ് പോലീസ് നൽകിയിരിക്കുന്ന പരാതി.

ഇതുകൂടാതെ 2012 ഒക്ടോബർ 3 ന് ഫസൽ ഗഫൂറിന്‍റെ മകൻ മാനേജിങ് ഡയറക്ടറും ഫസൽ ഗഫൂർ പ്രൊമോട്ടറുമായ ഫെയർ ഡീൽ ഹെൽനെസ് സൊലൂഷൻ എന്നുപറയുന്ന കമ്പനിക്ക് 11,62,500 രൂപയും എംഇഎസ് അക്കൗണ്ടിൽ നിന്ന് പോയിട്ടുണ്ട്. ഇതും എംഇഎസ് എക്സിക്യൂട്ടീവും ജനറൽബോഡിയും അറിയാതെയാണ് നടന്നത്. ടാർസ് ഡെവലപ്പേഴ്സിന് നൽകിയ 3 കോടി 70 ലക്ഷം രൂപ രണ്ടു വർഷങ്ങൾക്കു ശേഷം വ്യത്യസ്ത ഗഡുക്കളായി അക്കൗണ്ടിൽ തിരികെ വന്നിട്ടുണ്ട്. എന്നാൽ ഈ സമയം സ്ഥലങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്തതിലൂടെ ഫസൽ ഗഫൂർ അന്യായമായ ലാഭമുണ്ടാക്കി എന്നുമാണ് പരാതിക്കാരുടെ ആക്ഷേപം.

മകന്‍റെ കമ്പനിയിലേക്ക് ട്രാൻസ്ഫർ ചെയ്ത പണം ഇതുവരെ തിരികെ എത്തിയിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് തന്നെ എംഇഎസിനകത്ത് ചർച്ചയായ വിവാദം പോലീസിനുമുന്നിൽ പരാതിയായി എത്തുന്നത് ഈ വർഷം ആഗസ്റ്റ് 25നാണ്. എംഇഎസിന്‍റെ ലൈഫ് മെമ്പർ ആയ എൻ.കെ നവാസ് ആണ് പരാതി നൽകിയത്. എന്നാൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. ഇതിനിടക്ക് നവാസ് ഹൈക്കോടതിയെ സമീപിച്ചു. 19 ന് കേസ് പരിഗണിച്ച ഹൈക്കോടതി എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ല എന്ന് പോലീസിനോട് ചോദിച്ചു. മറുപടി നൽകാൻ 21 വരെ സമയവും നൽകി. 21 കേസ് പരിഗണിച്ചപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തു എന്ന് പറഞ്ഞാണ് കോടതി പരാമർശങ്ങളിൽ നിന്ന് പോലീസ് രക്ഷപ്പെട്ടത്.

സ്വാധീനമുള്ള വ്യക്തി ആയതുകൊണ്ടാണോ ആണോ കേസെടുക്കാത്തത് എന്ന് വാക്കാൽ കോടതി ചോദിക്കുകയും ചെയ്തിരുന്നു. കേസെടുത്ത സാഹചര്യത്തിൽ മറ്റു നടപടികളിലേക്ക് പോകാതെ കോടതി കേസ് തീർപ്പാക്കുകയായിരുന്നു. നടക്കാവ് പോലീസ് Cr. No. 1453/20 നമ്പരായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. ഐപിസി 406, 408, 420 വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ്. ഒന്നാം പ്രതി Dr ഫസൽ ഗഫൂറാണ്. എംഇഎസ് ജനറൽ സെക്രട്ടറി POJ ലബ്ബയാണ് രണ്ടാം പ്രതി.

ഡോക്ടർ ഫസൽ ഗഫൂറും കുടുംബവും എം ഇ എസിന്‍റെ ഫണ്ട് സ്വാർത്ഥ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് പരാതിക്കാരനായ എൻ. കെ നവാസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നവാസിന്‍റെ മൊഴിയും നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഫസൽ ഗഫൂറിനെതിരെ നേരത്തെ തന്നെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എംഇഎസിന്‍റെ ബൈലോ തിരുത്തി സ്ഥിരമായി പ്രസിഡൻറ് ആകാനുള്ള അംഗീകാരം ഫസൽ ഗഫൂർ നേടിയെടുത്തു. വെല്ലുവിളി ഉയരാതിരിക്കാൻ തെരഞ്ഞെടുപ്പ് രീതിയിൽ വരെ മാറ്റം വരുത്തി തുടങ്ങിയ ആരോപണങ്ങൾ സേവ് എംഇഎസ് എന്ന പേരിൽ രൂപംകൊണ്ട സംഘം ഉയർത്തുന്നുണ്ട്.