LiveTV

Live

Kerala

ലൈഫ് മിഷന്‍ കേസ് വേഗം പരിഗണിക്കണമെന്ന സി.ബി.ഐ ആവശ്യം ഹൈക്കോടതി തള്ളി

അന്വേഷണത്തിനുള്ള ഇടക്കാല സ്റ്റേ നീക്കണമെന്ന ആവശ്യവും കോടതി തള്ളി

ലൈഫ് മിഷന്‍ കേസ് വേഗം പരിഗണിക്കണമെന്ന സി.ബി.ഐ ആവശ്യം ഹൈക്കോടതി തള്ളി

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ് നേരത്തെ പരിഗണിക്കണമെന്ന സി.ബി.ഐ അപേക്ഷ ഹൈക്കോടതി തള്ളി. എതിര്‍ സത്യവാങ്മൂലം നല്‍കാതെ സി.ബി.ഐയുടെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സി.ബി.ഐ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാരും കുറ്റപ്പെടുത്തി.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഹൈക്കോടതി നടപടി അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കേസ് വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ അപേക്ഷ നല്‍കി. എന്നാല്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാതെയുള്ള അപേക്ഷ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ കോടതി സി.ബി.ഐയുടെ ആവശ്യം തള്ളി.

എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷം സി.ബി.ഐയ്ക്ക് പുതിയ അപേക്ഷ നല്‍കാം. എതിര്‍ സത്യവാങ്മൂലം ലഭിച്ചതിന് ശേഷം കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിക്കും. ലൈഫ് മിഷനിലെ അന്വേഷണത്തിന് എതിരായ സര്‍ക്കാര്‍ ഹര്‍ജിയില്‍ സി.ബി.ഐ എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സത്യവാങ്മൂലം നല്‍കാതെ എങ്ങനെയാണ് സി.ബി.ഐയുടെ അപേക്ഷ പരിഗണിക്കാനാവുകയെന്ന് കോടതിയും ചോദിച്ചു. നടപടിക്രമങ്ങളിലെ കാലതാമസം മൂലമാണ് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ വൈകുന്നതെന്നായിരുന്നു സി.ബി.ഐയുടെ വാദം. സത്യവാങ്മൂലം വിശദപരിശോധനയ്ക്കായി ഡല്‍ഹിയ്ക്ക് അയച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാലുടന്‍ സമര്‍പ്പിക്കും.

എന്നാല്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള ശ്രമമാണ് സിബിഐ നടത്തുന്നതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ലൈഫ് മിഷന്‍ പദ്ധതിയെ താറടിച്ച് കാണിക്കാനാണ് ശ്രമമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് സി.ബി.ഐയുടെ അപേക്ഷ കോടതി നിരസിച്ചത്.