LiveTV

Live

Kerala

കളമശേരി മെഡി. കോളജിലെ നഴ്‍സിംഗ് ഓഫീസറുടെ ശബ്‍ദ സന്ദേശം വ്യാജമല്ല: വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും

കളമശ്ശേരി മെഡി. കോളജില്‍ ഗുരുതര വീഴ്ചയെന്ന നഴ്‍സിംഗ് ഓഫീസറുടെ പരാമര്‍ശത്തില്‍ വിശദമായ അന്വേഷണം ഇന്ന് തുടങ്ങും; ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷണ ചുമതല;; ആരോപണങ്ങള്‍ നിഷേധിച്ച് മെഡിക്കല്‍കോളജ്

കളമശേരി മെഡി. കോളജിലെ നഴ്‍സിംഗ് ഓഫീസറുടെ ശബ്‍ദ സന്ദേശം വ്യാജമല്ല: വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും

കളമശേരി മെഡി. കോളജിലെ കോവിഡ് പരിചരണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും. നഴ്‍സിംഗ് ഓഫീസറുടെ ശബ്ദസന്ദേശം വ്യാജമല്ല.സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ നേരത്തെ ഡോക്ടർമാർ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയ വിഷയം. ഓക്സിജൻ മാസ്ക് അഴിഞ്ഞ നിലയിലും വെൻറിലേഷൻ ട്യൂബ് ഘടിപ്പിക്കാതെയുമുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ അധികൃതരെ അറിയിച്ചിരുന്നു. ചില നഴ്‍സിംഗ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നു. കോവിഡ് ബാധിച്ച് മരിച്ച രണ്ട് രോഗികൾക്കും പരിചരണക്കുറവ് മൂലം ഓക്സിജൻ ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇക്കാര്യവും ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഡോ. നജ്‍മ മീഡിയ വണിനോട് പറഞ്ഞു.

എന്നാല്‍ സർക്കാർ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തെ കുറിച്ചു ശരിയല്ലാത്ത കാര്യങ്ങൾ പർവതീകരിച്ചു കാണിക്കുന്നുവെന്നായിരുന്നു ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രതികരണം. സർക്കാരിന്‍റെ ഭാഗമായ ചില ആളുകൾ തന്നെ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. വീഴ്ച ഉണ്ടെങ്കിൽ തിരുത്താൻ തയാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആധുനിക ഉപകരണങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പരാമർശം.

കളമശ്ശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ അനാസ്ഥ മൂലം കോവിഡ് രോഗി മരിച്ചുവെന്ന നഴ്‍സിംഗ് ഓഫീസറുടെ പരാമര്‍ശത്തില്‍‌ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിഷയത്തില്‍ വിശദീകരണവുമായി കളമശ്ശേരി മെഡിക്കല്‍ കോളജ് രംഗത്തെത്തി.

ചികിത്സ പിഴവ് കൊണ്ടാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഹാരിസ് എന്ന കോവിഡ് രോഗി മരിച്ചതെന്ന നഴ്‍സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെയാണ് ഇന്നലെ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ഇന്ന് മെഡിക്കല്‍ കോളജ് ജീവനക്കാരുടെ വിശദീകരണം തേടും. രോഗി ചികിത്സയിലുണ്ടായിരുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ തേടിയിട്ടുണ്ട്. മരിച്ച ഹാരിസിന്‍റെ ബന്ധുക്കള്‍ ഇതുമായി ബന്ധപ്പെട്ട് മുമ്പ് ആരോഗ്യമന്ത്രിക്കയച്ച പരാതിയിലെ ആക്ഷേപങ്ങളും അന്വേഷിക്കും.

അതേസമയം രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കളമശ്ശേരി മെഡിക്കല്‍ കോളജ് രംഗത്തെത്തിയിരുന്നു. സത്യവിരുദ്ധമായ കാര്യങ്ങളാണ് നഴ്‍സിംഗ് ഓഫീസറുടെ ശബ്ദസന്ദേശത്തിലുള്ളത്. കോവിഡ് ചികിത്സ പ്രവര്‍ത്തനങ്ങളില്‍ നഴ്‍സിംഗ് ഓഫീസര്‍ ഏര്‍പ്പെട്ടിരുന്നില്ല. കീഴ്‍ജീവനക്കാരെ ജാഗരൂകരാക്കാന്‍ വേണ്ടി തെറ്റായി പറഞ്ഞ കാര്യങ്ങളാണ് പ്രചരിച്ചതെന്ന് ഇവര്‍ രേഖാമൂലം വിശദീകരണം നല്‍കിയെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഹാരിസിന്‍റെ രോഗാവസ്ഥയെയും മരിക്കാനുണ്ടായ കാരണത്തെപ്പറ്റിയും മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിക്കുന്നുണ്ട്. രോഗിയെ വാര്‍ഡിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്ന് പറഞ്ഞിരിക്കുന്നത് ശരിയല്ലെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

ഹാരിസ് മരിച്ചത് ഓക്സിജൻ ട്യൂബ് മാറിക്കിടന്നതു കൊണ്ടാണെന്ന നഴ്‍സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശമാണ് വിവാദമായത്. ഹാരിസിന്‍റെ മരണത്തില്‍ കൊലപാതകക്കേസെടുക്കണമെന്നാവശ്യപ്പെട്ട് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയിലും ഉടന്‍ അന്വേഷണം ആരംഭിക്കും.

കളമശ്ശേരി മെഡിക്കൽ കോളേജില്‍ കോവിഡ് പരിചരണത്തിലെ ചെറിയ വീഴ്ച കൊണ്ട് പലരുടെയും മരണം സംഭവിച്ചിട്ടുണ്ടെന്ന് നഴ്‍സിംഗ്  സൂപ്രണ്ട്
Also Read

കളമശ്ശേരി മെഡിക്കൽ കോളേജില്‍ കോവിഡ് പരിചരണത്തിലെ ചെറിയ വീഴ്ച കൊണ്ട് പലരുടെയും മരണം സംഭവിച്ചിട്ടുണ്ടെന്ന് നഴ്‍സിംഗ് സൂപ്രണ്ട്