LiveTV

Live

Kerala

ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തക്ക് വിശ്വാസ സമൂഹം വിട നൽകി

തിരുവല്ല സഭാ ആസ്ഥാനത്തെ സെന്‍റ് തോമസ് പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറിയിലാണ് മൃതദേഹം സംസ്ക്കരിച്ചത്. സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ

ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തക്ക് വിശ്വാസ സമൂഹം വിട നൽകി

മര്‍ത്തോമ സഭ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തക്ക് വിശ്വാസസമൂഹം വിട നൽകി. തിരുവല്ല സഭാ ആസ്ഥാനത്തെ സെന്‍റ് തോമസ് പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറിയിലാണ് മൃതദേഹം സംസ്ക്കരിച്ചത്. സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. ഒരു പതിറ്റാണ്ടിലധികം മർത്തോമ സഭയെ നയിച്ച ഇടയന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയാണ് വിശ്വാസി സമൂഹം നൽകിയത്. വിശ്വാസികളും മത, സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും വലിയ ഇടയന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

പ്രിയ ശിഷ്യനും പിൻഗാമിയുമായ ജോസഫ് മെത്രാപ്പൊലീത്തക്ക് ഡോ. ഫിലിപ്പോസ് ക്രിസ്റ്റോസം വലിയ മെത്രാപ്പൊലീത്ത ആശുപത്രിയിൽ നിന്നുമെത്തി അന്തിമോപചാരം അർപ്പിച്ചു. സംസ്കാര ചടങ്ങുകൾക്ക് ഡോ. ഗീവർഗീസ് മാർ സഫ്രഗൺ മെത്രാപ്പൊലീത്ത നേതൃത്വം നൽകി. സഹോദര സഭകളിലെ ബിഷപ്പുമാരും വൈദികരും സഹകാർമ്മികരായിരുന്നു.

സംസ്കാര ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത ഗവർണർ അരിഫ് മുഖമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും മെത്രാപ്പൊലീത്തയെ അനുസ്മരിച്ചു. പിന്നീട് സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികൾക്ക് ശേഷം വിലാപയാത്രയായി സെന്‍റ് തോമസ് പള്ളിക്ക് സമീപം തയ്യാറാക്കിയ പ്രത്യേക ഖബറിടത്തിലേക്ക്.