LiveTV

Live

Kerala

കെ.എം ഷാജിക്കെതിരായ വധഭീഷണി; മുഖ്യമന്ത്രി എത്രയും വേഗം ഇടപെടണമെന്ന് എം.കെ മുനീർ

രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ മുഖം നോക്കാതെ ഇടപെടുകയും കൃത്യമായി പ്രതികരിക്കുകയും ചെയ്യുന്നയാളാണ് കെ എം ഷാജി

കെ.എം ഷാജിക്കെതിരായ വധഭീഷണി; മുഖ്യമന്ത്രി എത്രയും വേഗം ഇടപെടണമെന്ന് എം.കെ മുനീർ

കെ.എം ഷാജിക്കെതിരായ വധഭീഷണിയില്‍ മുഖ്യമന്ത്രി ഉടന്‍ ഇടപെടണമെന്നും ഉചിതമായ അന്വേഷണം നടക്കണമെന്നും മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീർ. സംസ്ഥാന പൊലീസ് മേധാവിക്ക് കർശന നിർദ്ദേശം നൽകി അന്വേഷണം കുറ്റമറ്റതാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'പൊതുപ്രവർത്തകർക്ക് നേരെ പലതരത്തിലാണ് ഇപ്പോൾ ആക്രമണം നടത്തുന്നത്. ഭീഷണികളും ഒരു തരത്തിലെ അക്രമണം തന്നെയാണ്. അതിൽ വധഭീഷണി അങ്ങേയറ്റം മനുഷ്യ വിരുദ്ധവുമാണ്. ഈ രീതി സംസ്ഥാനത്ത് ഇപ്പോൾ വ്യാപകമാകുകയാണ്', അദ്ദേഹം പറയുന്നു.

'രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ മുഖം നോക്കാതെ ഇടപെടുകയും കൃത്യമായി പ്രതികരിക്കുകയും ചെയ്യുന്നയാളാണ് കെ എം ഷാജി. ഒരു ജനപ്രതിനിധി കൂടിയായ ഷാജിയെ വകവരുത്താൻ നടത്തുന്ന ശ്രമത്തെ കുറിച്ച് വ്യക്തമായ തെളിവ് നൽകിയാണ് അദ്ദേഹം ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ഈ രീതിയിൽ തന്നെ മുന്നോട്ട് പോകാനാണ് ഇക്കാര്യത്തിൽ ഉദ്ദേശിക്കുന്നത്' മുനീർ പറഞ്ഞു.

''എനിക്ക്  വധഭീഷണിയുണ്ട്, ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്ന്''- കെ. എം ഷാജി എം.എല്‍.എ
Also Read

''എനിക്ക് വധഭീഷണിയുണ്ട്, ക്വട്ടേഷൻ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്ന്''- കെ. എം ഷാജി എം.എല്‍.എ

'ഇത് വെറുമൊരു ആരോപണമായി മാത്രം കാണാൻ കഴിയില്ല. മറിച്ച് അതീവ ഗൗരവതരമായ കാര്യമാണ്. കൊലപാതകമടക്കം പലതരത്തിലുള്ള പ്രൊഫഷണൽ ആക്രമണങ്ങൾക്ക് ഈയടുത്ത് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് ഷാജിക്കെതിരായ ഭീഷണിയുടെ ഗൗരവം വർധിപ്പിക്കുന്നു. പരാതികളെ പലപ്പോഴും നിസാരമായി കാണുന്ന രീതി ഇക്കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല.

ഉചിതമായ അന്വേഷണമാണ് ആവശ്യം. ജനങ്ങളുടെ കൂടെ നിന്ന് പ്രവർത്തിക്കുന്ന അവരുടെ പ്രതിനിധിക്കെതിരായ ശത്രുക്കളെ കണ്ടെത്തേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണ്. ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടമുള്ള മുഖ്യമന്ത്രി എത്രയും വേഗം ഇടപെടണം. സംസ്ഥാന പൊലീസ് മേധാവിക്ക് കർശന നിർദ്ദേശം നൽകി അന്വേഷണം കുറ്റമറ്റതാക്കണം. മഹാരാഷ്ട്ര ,കേരളം എന്നീ രണ്ട് സംസ്ഥാങ്ങൾ ഉൾപ്പെട്ട പ്രശ്നം ആയതുകൊണ്ട് തന്നെ രണ്ട് ഗവണ്മെന്റ് ഏജൻസികളും യോജിച്ചു കൊണ്ടുള്ള ഫലപ്രദമായ അന്വേഷണത്തിന് കേരളം മുൻകൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളീയ പൊതു സമൂഹം സഹപ്രവർത്തകനായ കെ.എം ഷാജിക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.