LiveTV

Live

Kerala

ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരം

ഡോളർ ഇടപാട് കേസിൽ ശിവശങ്കറിൻ്റെ ദുരൂഹമായ പങ്ക് കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും കസ്റ്റംസ് തേടുന്നുണ്ട്.

ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഡിസ്ക് തകരാര്‍ കണ്ടെത്തിയതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ആശുപത്രി മാറ്റിയത്.

ദേഹാസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ഇന്നലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവശങ്കറിനെ ഇന്ന് രാവിലെയാണ് ആൻജിയോഗ്രാമിന് വിധേയമാക്കിയത്. ആൻജിയോഗ്രാമിൽ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെങ്കിലും ഡിസ്ക് തകരാർ ഉണ്ടായതിനെ തുടർന്നാണ് ശിവശങ്കറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യ നില സംബന്ധിച്ച് മറ്റൊരു ആശുപത്രിയുടെ അഭിപ്രായം കൂടി തേടണമെന്ന് കസ്റ്റംസും ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിലെ പരിശോധനയുടെ വിവരങ്ങൾ കസ്റ്റംസ് നേരിട്ടെത്തി ചോദിച്ചറിയുകയും ചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓർത്തോ ഐ.സി.യുവിലാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇപ്പോൾ എം ശിവശങ്കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡോളർ ഇടപാട് കേസിൽ ശിവശങ്കറിൻ്റെ ദുരൂഹമായ പങ്ക് കണ്ടെത്തിയതോടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും കസ്റ്റംസ് തേടുന്നുണ്ട്.