LiveTV

Live

Kerala

അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്ന ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ടു

ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന സമയത്ത് ചില ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നടപടി

അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനിന്ന ആരോഗ്യപ്രവര്‍ത്തകരെ പിരിച്ചുവിട്ടു

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന ആരോഗ്യവകുപ്പിലെ 432 ജീവനക്കാരെ പിരിച്ചുവിട്ടു. 385 ഡോക്ടര്‍മാരേയും 47 മറ്റ് ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത്. അനധികൃതമായി അവധിയില്‍ തുടരുന്നവരെ കണ്ടെത്താൻ കര്‍ശന നടപടി തുടങ്ങിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തതത്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇത്രയേറെ ജീവനക്കാര്‍ മാറി നില്‍ക്കുന്നത് വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോഗ്യമന്ത്രിയും വ്യക്തമാക്കി. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും അതിനാലാണ് കര്‍ശന നടപടി സ്വീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

വരും നാളുകളിലും നടപടി തുടരാണ് സര്‍ക്കാര്‍ തീരുമാനം. അനധികൃതമായി ജോലിക്ക് ഹജരാകാത്ത ജീവനക്കാരെ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെകെ ശൈലജ പറഞ്ഞു.