LiveTV

Live

Kerala

വളരും തോറും പിളരും; പിളരും തോറും വളയും

പിളർപ്പിന്‍റെ ഫലം അങ്ങനെയൊക്കെ കൂടി കിഴിച്ചെടുക്കുമ്പോൾ പിളരും തോറും വളരുമെന്ന പ്രഖ്യാപനവും ആവേശവും ആവർത്തിച്ച്‌ പറയാനാകുമോ?

വളരും തോറും പിളരും; പിളരും തോറും വളയും

അത്ര വലിയ ആശയത്തിന്‍റെ പേരിലല്ല, സാക്ഷാൽ കോൺഗ്രസിൽ നിന്നുതന്നെ ചാടി വന്ന്, കേരള എന്ന പേര് ചേർത്ത് വന്ന കോൺഗ്രസാണല്ലോ കേരള കോൺഗ്രസ്. അതുകൊണ്ട് തന്നെ കേരളം വിട്ട് മറ്റൊരിടത്തെ കുറിച്ച ആശങ്ക കാര്യവുമല്ല. പ്രധാന കാര്യം എടുത്തു ചാടുക, വെട്ടിപ്പിളർത്തുക, കൂടെക്കൂട്ടുക, ലയിച്ചു ചേരുക ഇങ്ങനെ മലയാള രാഷ്ട്രീയ നിഘണ്ടുവിന് നല്ല പദങ്ങൾ സമ്മാനിച്ച പാർട്ടിയാണ് മധ്യതിരുവിതാംകൂർ കോൺഗ്രസ് എന്ന കേരള കോൺഗ്രസ്. പിളരുന്നവരുടെ നാമം പാർട്ടി പേരിന്‍റെ ബ്രാക്കറ്റിലാക്കൽ പാരമ്പര്യമുള്ളവർ ഇക്കുറി മരിച്ച മാണിയുടെ M നു വേണ്ടിയാണ് തൊടുപുഴ വഴി കോട്ടയത്ത് നിന്ന് ഡൽഹി വരെ പോയതും പോകുന്നതും.

വളരും തോറും പിളരും; പിളരും തോറും വളയും

കേരള രാഷ്ട്രീയത്തിൽ ഒരു നല്ല അവസരമുള്ളത്, ഇവിടെ കക്ഷി രാഷ്ട്രീയമാണെന്നതാണ്. നാലാൾ കൂടി നിന്ന് ഒരു പേരിട്ട് രജിസ്റ്റർ ചെയ്താൽ ഏതെങ്കിലും മുന്നണിയിലുണ്ടാകും. കൂട്ടത്തിൽ കൂവി ഒരു ഇരിപ്പടം ഒരുക്കിയാൽ പിന്നെ ഇന്ദിരാഭവനിലും എ.കെ.ജി സെന്‍ററിലുമൊക്കെ ഗമയിലങ്ങനെ കയറിയിറങ്ങാം. പിന്നെ നടക്കുന്നത് മികച്ച കച്ചവടമാണ്. എല്ലാത്തരത്തിലുമുള്ള കച്ചവടം. കയറ്റിയിരുത്തുന്നവന്‍റെ പാർട്ടിയിൽ എത്രയാൾ ഉണ്ടെന്നോ ജനങ്ങൾക്കിടയിൽ എന്ത് സ്വാധീനം ഉണ്ടെന്നോ ഒരു പരിശോധനയും ആർക്കും വേണ്ട. എതിർ മുന്നണിയെ ക്ഷീണിപ്പിക്കാം, തളർത്താം, തകർക്കാം എന്നതൊക്കെ ലക്ഷ്യം വച്ച് ആസനസ്ഥനാക്കും.

വളരും തോറും പിളരും; പിളരും തോറും വളയും

പാവം ഐ,എൻ,എൽ മാത്രമാണ് കസേര കാത്ത് കാൽ നൂറ്റാണ്ട് കാലം കൈ കൂപ്പി കാത്തിരുന്നത്. ഒടുവിൽ എ.കെ.ജി സെന്‍ററിന്‍റെ പടികടന്നെത്തിയപ്പോൾ അവിടെയും ഒന്നിരിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പ്രത്യക്ഷത്തിലും പരോക്ഷത്തിലും രണ്ടായി നിന്ന് ഒന്നുപോലെ പോകുകയാണ്. ഈ കാത്തിരിപ്പ് മറ്റാർക്കും അത്ര ബാധകമാക്കി സി.പി.എം വരാന്തയിൽ നിർത്താറില്ല. പിളർന്നാണോ ഊരിയാണോ വന്നതെന്നറിയില്ല, സ്‍കറിയാ തോമസ് വന്നതും സെന്‍ററിൽ ഇടം പിടിച്ചതും വരാന്തയിൽ നിന്ന് ഐ.എൻ.എൽ കണ്ടു. ഒടുവിൽ ജനതാദൾ എസ് യു.ഡി.എഫിൽ നിന്ന് സലാം പറഞ്ഞ് വന്നപ്പോൾ അവരോടൊപ്പം ക്ലാസിൽ കയറ്റാൻ എത്ര യോഗമാ ചേർന്നത്. മുസ്‍ലിം പശ്ചാത്തലമുള്ള പാര്‍ട്ടി മുസ്‍ലിം ലീഗില്‍ നിന്ന് ഉടക്കി ഇറങ്ങി വന്നപ്പോള്‍ ഒരു സിദ്ധാന്തവും സി.പി.എമ്മിന് മുന്നില്‍ വന്നില്ല. തങ്ങളുടെ സ്വത്വം തെളിയിച്ച സര്‍ട്ടിഫിക്കറ്റ് എ.കെ.ജി സെന്‍ററില്‍ നിന്ന് അറ്റസ്റ്റ് ചെയ്ത് കിട്ടാന്‍ കാല്‍ നൂറ്റാണ്ട് കാലുതിരുമേണ്ടി വന്നു. ഇപ്പോൾ ജോസ് കെ. മാണി എന്ന ജോമോൻ പാല വഴി വരുന്നതിന് മുന്നേ കസേര വലിച്ചിട്ടു കഴിഞ്ഞു. എന്തിനേറെ, എത്ര കസേര നിയമസഭയിൽ കിട്ടാൻ സാധിക്കും എന്ന് വരെ കണക്കു കൂട്ടിയാണ് എ.കെ.ജി സെന്‍ററിലെ വരിഞ്ഞ കസേര ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും ഒരു കസേര കാത്ത് കുന്നത്തൂരിലെ ദലിത് എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ തന്‍റെ ആര്‍.എസ്.പി(എല്‍)ക്ക് പുറത്ത് നില്‍പ്പുണ്ട്. സീറ്റ് കൊടുത്തെങ്കിലും കുഞ്ഞുമോന്‍റെ പാര്‍ട്ടി പുറത്ത് തന്നെയാണ്.

വളരും തോറും പിളരും; പിളരും തോറും വളയും

തെരുവിൽ തെണ്ടി പിരിച്ച കാശ് കരിങ്ങോഴക്കൽ വീട്ടിലെ നോട്ടെണ്ണുന്ന മെഷീനിൽ ഇട്ട് കൃത്യപ്പെടുത്തി പ്രവേശന ഫീസാക്കിയാണ് കൈപിടിക്കുന്നത്. വെന്‍റിലേറ്ററിലാക്കാതെ ജോമോന്, കാനവും ശ്വാസം കൊടുത്തു കഴിഞ്ഞു. ഇനി കർഷകരുടെ പ്രത്യേകിച്ച് റബർ കർഷകരുടെ പ്രശ്നങ്ങൾ എ.കെ.ജി സെന്‍ററിൽ ഭദ്രം. വൈരുധ്യാത്മക ഭൗതികതയും അധ്വാനവർഗ സിദ്ധാന്തവും കൈകോർത്ത് ചുവപ്പും ചുവപ്പിലെ വെളുപ്പും വിപ്ലവം സ്യഷ്ടിക്കുമെന്ന് ഉറപ്പ്. അത്രക്ക് കണക്ക് കൂട്ടിയാണ് പോക്ക്. മധ്യകേരളം ഇനി ചുവപ്പണിയിച്ച് ക്ലിഫ് ഹൗസ് വിട്ടുമാറാനാവില്ലെന്ന നല്ല പ്രതീക്ഷയിലാണ് രണ്ട് കൂട്ടരും. ഇത് മുന്നിൽ കണ്ടാണ് വിരട്ടി നേടിയ രാജ്യസഭ അംഗത്വം വച്ചൊഴിഞ്ഞ് മാണി സി. കാപ്പന്‍റെ സ്വപ്നത്തെ പറത്തി പാല കടന്ന് കൊടി വച്ച കാറിൽ പായാം എന്ന് കരുതുന്നത്.

വളരും തോറും പിളരും; പിളരും തോറും വളയും

പാർട്ടി പിറന്ന 1965 ൽ നിയമസഭയിൽ 25 കസേരയിലാണ് എത്തിയത്. അന്ന് തന്നെ പാലയും സ്വന്തം തട്ടകമാക്കി മാറ്റി. ഇതോടെയാണ് മധ്യകേരളം തങ്ങളുടേതെന്ന വമ്പ് പറച്ചിൽ ആരംഭിച്ചത്. നഷ്ടമത്രയും കോൺഗ്രസിന്. പിളർന്നും പിളർത്തിയും കൂടെ കൂട്ടിയെങ്കിലും കോട്ടയം കോൺഗ്രസിന്‍റെ പക ഇപ്പോഴും ഉണ്ട്. ഈ പകയിലാണ് കെ.എം ജോർജും, കെ.എം മാണിയും, ആർ. ബാലകൃഷ്ണപിള്ളയും ഒക്കെ വളർന്നത്. പക ഒരു വശത്ത് നിക്കുമ്പോൾ ക്രിസ്ത്യൻ സഭകളും എൻ.എസ്.എസും കണ്ണുരുട്ടിയപ്പോൾ കോൺഗ്രസ് പക ഉള്ളിലൊതുക്കി. പുതുപ്പള്ളി ഉറപ്പിച്ച് ഉമ്മൻ ചാണ്ടിയും ഇരിക്കൂറിലേക്ക് വണ്ടി കയറി കെ.സി ജോസഫും മാറിയപ്പോൾ പാലയും, കാഞ്ഞിരപ്പള്ളിയും, കടുത്തുരുത്തിയുമെല്ലാം കയ്യിലായതോടെ കേരളത്തിന്‍റെ റവന്യൂ ഭൂമികളുടെ പട്ടയങ്ങളും സ്വന്തമായി.

വളരും തോറും പിളരും; പിളരും തോറും വളയും

പട്ടയം മോഹിച്ച് പാർട്ടി പേറ്റന്‍റ് തങ്ങൾക്കാണെന്ന സർട്ടിഫിക്കറ്റുമായാണ് എൽ.ഡി.എഫിലെത്തുന്നത്. പാർട്ടി പ്ലീനത്തിലെ അധ്വാനവർഗ ഡയലോഗടി വഴി ലഭിക്കാത്ത പ്രവേശനമാണ് ജോമോൻ വഴി സി.പി.എം സാധ്യമാക്കിയത്. കെ.എം മാണി ഇല്ലാതെ എങ്ങനെ വോട്ടുകൾ എത്തും എന്ന് കണക്കുകൂട്ടുന്നുണ്ട്. അതുകൊണ്ടാണ് നോട്ടെണ്ണുന്ന മെഷീനെക്കാൾ വോട്ടെണ്ണുന്ന മെഷീനിൽ തൽകാലം വിശ്വസിക്കുന്നത്. മാണിയുടെ മകന് ലഭിക്കേണ്ട വാൽസല്യത്തെ പോലും കോട്ടയത്ത് വച്ചാണ് ജോമോന്‍റെ ചുവപ്പൻ പ്രതീക്ഷ.

വളരും തോറും പിളരും; പിളരും തോറും വളയും

കേരള കോൺഗ്രസിന്‍റെ വോട്ടുകൾക്ക് കൃത്യമായ ചരിത്രമുണ്ട്. അത് സഭകളുടേതാണ്. അരമന കടന്നാണ് വോട്ടുകള്‍ കേരള കോൺഗ്രസിന്‍റേതായി എത്തുന്നത്. കാതോലിക്ക സഭ തന്നെയാണ് അതിൽ മുമ്പൻ. മറ്റ് സഭകളും തരാതരം വോട്ട് പെട്ടി ചൂണ്ടി സീറ്റ് വീതം വക്കും. ഓരോ കേരളാ കോൺഗ്രസിനും ഓരോ സഭകൾ ആശ്രയമായ ചരിത്രം കേരളത്തിനുണ്ട്. ടി.എം ജേക്കബ് ഈ ചരിത്രത്തിലെ പ്രധാന വക്താവായിരുന്നു. ഈ ചരിത്രം മുന്നോട്ട് പോകുമ്പോൾ സഭകൾക്ക് കൂട്ട് അല്ലേൽ സഭയുടെ കൂട്ടും കുടിയേറ്റവും കെ.എം മാണിയെന്ന തൊണ്ട കനപ്പൻ സ്വരത്തോടും ആ ജൂബയോടും ആയിരുന്നു. അത്രക്ക് കുടിയേറ്റ പട്ടയ അന്തർധാരയായിരുന്നു. അതുപോലെ തന്നെ എൻ.എസ്.എസ് എന്ന നായർ സഭയുമായും പലതരത്തിലെ അന്തർധാര സജീവമാക്കി മാണി നിർത്തിയിരുന്നു. ഈ ധാരകളെ ഇനി കൂട്ടിയിണക്കാൻ ജോമോന് എങ്ങനെ സാധിക്കും എന്നതാണ് കാണാനിരിക്കുന്നത്.

വളരും തോറും പിളരും; പിളരും തോറും വളയും

സഭകളുമായുള്ള കൊടുക്കൽ വാങ്ങൽ എന്നും നിലനിർത്തിയിരുന്ന ഉമ്മൻ ചാണ്ടിയെ മറികടക്കാൻ കെ.എം മാണിക്കായി എങ്കിൽ, ഇനി ജോമോൻ കോൺഗ്രസ് അതികായരെ എങ്ങനെ മറികടക്കും. ജോസിന്‍റെ ചുവടുമാറ്റം കണ്ടുതുടങ്ങിയപ്പോഴെ പെരുന്ന നിൽക്കുന്ന ചങ്ങനാശേരിയിൽ ഉമ്മൻ ചാണ്ടിയുടെ സ്വന്തം കെ.സി ജോസഫിന്‍റെ കണ്ണുടക്കി കഴിഞ്ഞു. കാലം എങ്ങനെ ഒഴുകുമ്പോഴും ഉമ്മൻ ചാണ്ടി കോട്ടയവും അരമനകളും വിട്ടൊരു കളിക്കും നിന്നിട്ടില്ല. കോവിഡ് കാലത്തുപോലും കോട്ടയത്തിന് വണ്ടി പിടിക്കുക എന്ന ശീലം മാറ്റിയിട്ടില്ല. നിയമസഭാ പ്രവേശനത്തിന്‍റെ സുവർണ ജൂബിലി ആഘോഷം പോലും മാമ്മൻമാപ്പിള ഹാളിലൂടെ മറിഞ്ഞതിലും രാഷ്ട്രീയം കാണുന്നവരെ കുറ്റം പറയാനാകില്ല. ഇതേ ബന്ധം നായർ വിഭാഗവുമായും ഉമ്മൻ ചാണ്ടി സൂക്ഷിക്കുന്നു.

വളരും തോറും പിളരും; പിളരും തോറും വളയും

ഇനി ഈ ബന്ധങ്ങളെ കുറച്ചു കൂടി തറപ്പിച്ച് പി,ജെ ജോസഫിനെ കൂടി കൂട്ടി, കെ.സി ജോസഫ് വഴി അരമനക്കാര്യം ഉറപ്പിച്ച്, തിരുവഞ്ചൂരിന്‍റെ കൈ പിടിച്ച് മന്നത്ത് എത്തി അതുമുറപ്പിക്കും. ഇനി ഇവരുടെ വാത്സല്യം ഇങ്ങനെ മാറിയാൽ കണക്കുകൂട്ടലുകളിൽ വിള്ളലുണ്ടായേക്കും. ഈ വിള്ളലുണ്ടാവില്ലെന്നാണ് വാസവൻ വഴി എ.കെ.ജി സെന്‍ററിന് ലഭിച്ച ഉറപ്പ്. എന്നാൽ കണക്കു കൂട്ടലുകൾ അത്ര ശരിയാവില്ലെന്നാണ് സി.പി.ഐ പക്ഷം. ഈ കൂട്ടലുകളും വോട്ട് മെഷീനിലെ ബീപ് ശബ്ദത്തെ ബാധിക്കും. ഇതിനെല്ലാം പുറമേ മാണി സി. കാപ്പൻ വക പാലയിലെങ്കിലും പണി കിട്ടാനും വഴിയുണ്ട്. ഈ പിളർപ്പിന്‍റെ ഫലം അങ്ങനെയൊക്കെ കൂടി കിഴിച്ചെടുക്കുമ്പോൾ പിളരും തോറും വളരുമെന്ന പ്രഖ്യാപനവും ആവേശവും ആവർത്തിച്ച്‌ പറയാനാകുമോ?