LiveTV

Live

Kerala

വിപ്പ് ലംഘനം: പി ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്

ജോസ് വിഭാഗം വിപ്പ് റോഷി അഗസ്റ്റിൻ എംഎൽഎയാണ് സ്പീക്കർക്ക് പരാതി നൽകിയത്.

വിപ്പ് ലംഘനം: പി ജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്

പി ജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും അയോഗ്യരാക്കാതിരിക്കാന്‍ വിശദീകരണം തേടി സ്പീക്കറുടെ നോട്ടീസ്. അവിശ്വാസ പ്രമേയത്തിന് വോട്ട് ചെയ്യരുതെന്ന ജോസ് വിഭാഗത്തിന്‍റെ വിപ്പ് ലംഘിച്ചതില്‍ വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയത്. സ്പീക്കറുടെ നീക്കത്തെ കോടതിയില്‍ നേരിടാനാണ് പി ജെ ജോസഫിന്റെ നീക്കം.

ഓഗസ്റ്റ് 24ന് നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നു വിട്ടു നിൽക്കണമെന്ന വിപ്പ് ജോസഫും മോന്‍സും അംഗീകരിച്ചില്ല എന്ന് കാട്ടിയാണ് റോഷി അഗസ്റ്റിന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. ഇത് പരിഗണിച്ച് കൊണ്ടാണ് അയോഗ്യരാക്കാതിരിക്കാന്‍ കാരണം തേടി സ്പീക്കര്‍ ജോസഫിനോടും മോന്‍സിനോടും വിശദീകരണം തേടിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയതെന്ന് സ്പീക്കര്‍ പറഞ്ഞു. റോഷിയുടെ വിപ്പിനെയാണ് അംഗീകരിക്കുന്നതെന്ന സൂചനയും സ്പീക്കര്‍ നല്‍കി

ജോസ് വിഭാഗത്തിനെതിരെ ജോസഫ് വിഭാഗം നല്‍കിയ അവകാശ ലംഘന നോട്ടീസ് പരിഗണനയിലാണെന്നും ആദ്യം നോട്ടീസ് നല്‍കിയ റോഷി ആയത് കൊണ്ടാണ് അത് പരിഗണിച്ചതെന്നുമാണ് സ്പീക്കര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ നിയമപരമായി നേരിടുമെന്നായിരുന്നു പി ജെ ജോസഫിന്റെ പ്രതികരണം. ജോസ് വിഭാഗം എല്‍ഡിഎഫിന്‍രെ ഭാഗമാകാന് തീരുമാനമെടുത്തതിന് പിന്നാലെയാണ് യുഡിഎഫിലുള്ള ജോസഫ് വിഭാഗത്തിന് സ്പീക്കര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയത്.