LiveTV

Live

Kerala

പുറ്റിങ്ങല്‍ ദുരന്തം: കുറ്റപത്രം 59 പ്രതികള്‍ക്കെതിരെ, ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ്

ക്ഷേത്രഭാരവാഹികളും വെടിക്കെട്ടുകാരുമാണ് ദുരന്തത്തിന് കാരണമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

പുറ്റിങ്ങല്‍ ദുരന്തം: കുറ്റപത്രം 59 പ്രതികള്‍ക്കെതിരെ,  ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചിറ്റ്

പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന്റെ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. ക്ഷേത്രഭാരവാഹികളും വെടിക്കെട്ടുകാരുമാണ് ദുരന്തത്തിന് കാരണമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതേസമയം ആരോപണം നേരിട്ട എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കി.

പരവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ചിന്റെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്- വെടിക്കെട്ട് നടത്തിപ്പുകാരും ക്ഷേത്ര ഭാരവാഹികളുമാണ് അപകടത്തിന് കാരണക്കാര്‍. അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടും വലിയ അളവില്‍ വെടിമരുന്ന് ക്ഷേത്രത്തില്‍ സൂക്ഷിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ സംഘാടകരും വെടിക്കെട്ടുകാരും പൂര്‍ണമായും അവഗണിച്ചു. ക്ഷേത്രഭാരവാഹികളായ 15 പേര്‍ അടക്കം 59 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം.

അതേസമയം ദുരന്തത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊല്ലം ജില്ലാ മുന്‍ കളക്ടറും മുന്‍ കമ്മീഷണറും അടക്കമുള്ളവര്‍ക്ക് വീഴ്ച്ച പറ്റിയെന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും ക്രൈംബ്രാഞ്ച് സംഘം എല്ലാ ഉദ്യോഗസ്ഥര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി. അപകടമുണ്ടായി നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. ഐജി എസ് ശ്രീജിത്താണ് രണ്ട് വാല്യങ്ങളില്‍ 533 പേജുകളുള്ള കുറ്റപത്രം കോടതിയില്‍ നല്‍കിയത്.

2016 ഏപ്രില്‍ 10ന് പുലര്‍ച്ചെയാണ് കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടമുണ്ടായത്. ക്ഷേത്രോല്‍സവത്തിനിടെ ഉണ്ടായ അപകടത്തില്‍ 110 ജീവനുകള്‍ പൊലിഞ്ഞു. 350ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്ഷേത്രത്തിനു സമീപത്തെ വീടുകള്‍ നാമാവശേഷമായി.