LiveTV

Live

Kerala

തിരുവില്വാമല, അന്തിക്കാട് കൊലപാതകങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി

നിധിന്‍ കൊലപാതകത്തില്‍ മൂന്ന് പേരും റഫീഖ് കൊലപാതകത്തില്‍ ഒരാളും പിടിയില്‍. അമ്പിളിക്കലയില്‍ റിമാന്‍ഡ് പ്രതി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ജയിൽ ഡിജിപിയുടെ അന്വേഷണം ഇന്ന് തുടങ്ങും

തിരുവില്വാമല, അന്തിക്കാട് കൊലപാതകങ്ങളില്‍ അന്വേഷണം ഊര്‍ജിതമാക്കി

തൃശ്ശൂർ തിരുവില്വാമല, അന്തിക്കാട് കൊലപാതകങ്ങളിൽ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അന്തിക്കാട് നിധിന്‍റെ കൊലപാതകത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റഫീഖ് കൊലപാതകത്തിൽ ഇന്നലെ പിടിയിലായ ഷെബീർ അലിയെ ചോദ്യം ചെയ്ത് വരികയാണ്.

അന്തിക്കാട് നിധിൻ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേരെയും ഇവരെ സഹായിച്ച ഒരാളെയുമാണ് അറസ്റ്റ് ചെയ്തത്. മുറ്റിച്ചൂർ സ്വദേശി സനൽ, അന്തിക്കാട് സ്വദേശി ശ്രീരാഗ് എന്നിവരാണ് കൃത്യത്തിൽ നേരിട്ട് പങ്കുള്ളവർ. സനലിനെ തൃശ്ശൂരിൽ നിന്നും ശ്രീരാഗിനെ എറണാംകുളം പനങ്ങാട് നിന്നുമാണ് പിടികൂടിയത്. ശ്രീരാഗിനെ സഹായിച്ച അനുരാഗിന്‍റെ അറസ്റ്റും ഇന്നലെ രേഖപ്പെടുത്തി. ഇനി കണ്ടെത്താനുള്ള നാല് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. ജില്ലക്ക് അകത്തും, പുറത്തുമായി പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അറസ്റ്റിലായവരിൽ നിന്നും ബാക്കിയുള്ളവരെക്കുറിച്ച് വ്യക്തമായ സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം തിരുവില്വാമല റഫീഖ് കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാക്കി. ഇന്നലെ പിടിയിലായ പാലക്കാട് സ്വദേശി ഷെബീർ അലിയെ പൊലീസ് ചോദ്യം ചെയ്തു. കൊലപാതകം നടക്കുന്നതിന്‍റെ തലേ ദിവസം റഫീഖിന്‍റെ വാടക വീട്ടിൽ സംഘർഷം ഉണ്ടായിരുന്നതായി നാട്ടുകാർ കണ്ടിരുന്നു. അപ്പോഴുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാളാണ് ഷെബീർ അലി.

തൃശ്ശൂരിൽ കഞ്ചാവ് കേസിലെ റിമാന്‍ഡ് പ്രതി ഷെമീർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ജയിൽ ഡിജിപി ഇന്ന് അമ്പിളിക്കലയിലെ കോവിഡ് കെയർ സെന്‍റർ സന്ദർശിക്കും. തൃശ്ശൂരിലെ ജയിലിലും, കോവിഡ് സെന്‍ററിലും കഴിയുന്ന കേസിലെ മറ്റു പ്രതികളുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ എറണാംകുളം ജില്ലാ വനിതാ ജയിലിലെത്തി ഷെമീറിന്‍റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

കോവിഡ് സെന്‍ററില്‍ പതിനേഴുകാരന് മര്‍ദനമേറ്റെന്ന പരാതിയും ഡിജിപി ഋഷിരാജ് സിങ് പരിശോധിക്കും. ജയില്‍ വകുപ്പിന് കീഴിലുളള ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും തീരുമാനമുണ്ട്. ഷെമീറിന്‍റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഷെമീറിന്‍റെ ഭാര്യ ഉൾപ്പെടെയുള്ള കൂട്ടുപ്രതികളുടെ വിശദമായ മൊഴി മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിൽ ഇന്ന് രേഖപ്പെടുത്തും. അതേ സമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ പൊലീസിന് ലഭിക്കും.