LiveTV

Live

Kerala

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഗൂഢാലോചന നടന്നത് പ്രാദേശികതലത്തിൽ മാത്രമെന്ന് അന്വേഷണസംഘം

ഇരട്ടക്കൊലപാതകത്തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളും വൈരാഗ്യവും കൊലപാതകത്തിൽ കലാശിച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഗൂഢാലോചന നടന്നത് പ്രാദേശികതലത്തിൽ മാത്രമെന്ന്  അന്വേഷണസംഘം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യവും ഗൂഢാലോചനയും കൊലയ്ക്ക് പിന്നിലുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഇപ്പോള്‍ നടക്കുന്ന അവസാനഘട്ട തെളിവ് ശേഖരണം പൂര്‍ത്തിയായാല്‍ കുറ്റപത്രത്തിലേക്ക് നീങ്ങാനാണ് പോലീസ് തീരുമാനം.

വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഉന്നതരാഷ്ട്രീയ ഗൂഢാലോചനയെന്ന ആരോപണം പോലീസ് തള്ളുന്നത്. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം 9 പ്രതികള്‍ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അടൂര്‍ പ്രകാശ് എംപിക്ക് പ്രതികളുമായി അടുത്ത ബന്ധമെന്നും സിപിഎമ്മും ഡിവൈഎഫ്ഐയും ആരോപിച്ചിരുന്നു. പിന്നാലെ മന്ത്രി ഇ പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി.

സിപിഎം എംഎല്‍എ ഡി.കെ മുരളിയുടെ മകനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച ആരോപണം. എന്നാല്‍ രണ്ട് ആരോപണങ്ങളും ശരിവെയ്ക്കുന്ന ഒരു തെളിവും പോലീസിന് കണ്ടെത്താനായിട്ടില്ല. പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചുള്ള പ്രാഥമിക പരിശോധനയിലും ഇതുവരെ ഉന്നത ഗൂഢാലോചന സംശയിക്കാവുന്ന തരത്തില്‍ തെളിവ് കിട്ടിയിട്ടില്ല.

ലോക് സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം മുതല്‍ തുടരുന്ന പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളും വൈരാഗ്യവും ആണ് കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനയെന്നാണ് പോലീസ് വിലയിരുത്തല്‍. ഇത് പ്രാദേശിക തലത്തില്‍ പ്രതികള്‍ ആസൂത്രണം ചെയ്തെന്നാണ് ഇതുവരെയുള്ള പോലീസ് നിഗമനം. പ്രതികളുടെ കോള്‍ വിവരങ്ങളുടെ പൂര്‍ണ റിപ്പോര്‍ട്ടും, തേമ്പാമൂട് രണ്ട് സംഘങ്ങളും ഒരേസമയം എത്താനിടയായ സാഹചര്യവും സംബന്ധിച്ച് വ്യക്തത വന്നാല്‍ കുറ്റപത്രം തയ്യാറാക്കാനാണ് പോലീസിന്‍റെ ആലോചന.