LiveTV

Live

Kerala

പറമ്പിക്കുളം റോഡ് നിർമ്മാണം; കലക്ടർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു

രണ്ട് മാസത്തിനുള്ളിൽ കുറച്ച് ഭാഗത്തെ റോഡ് നിർമ്മാണം തുടങ്ങുമെന്ന് കലക്ടർ യോഗത്തിൽ പറഞ്ഞു. എന്നാൽ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ റോഡ് വെട്ട് നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്ന് ആദിവാസികള്‍

പറമ്പിക്കുളം റോഡ് നിർമ്മാണം; കലക്ടർ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു

പാലക്കാട് ചെമ്മണാമ്പതി പറമ്പിക്കുളം റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാലക്കാട് കലക്ടർ വിളിച്ചു ചേർത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. രണ്ട് മാസത്തിനുള്ളിൽ കുറച്ച് ഭാഗത്തെ റോഡ് നിർമ്മാണം തുടങ്ങുമെന്ന് കലക്ടർ യോഗത്തിൽ പറഞ്ഞു. എന്നാൽ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ റോഡ് വെട്ട് നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്ന് ആദിവാസികള്‍ പറഞ്ഞു. പാലക്കാട് ജില്ലാ കലക്ട്രേറ്റിൽ വെച്ചാണ് ചെമ്മണാമ്പതിയിൽ നിന്ന് പറമ്പിക്കുളത്തേക്ക് വനപാത വെട്ടുന്ന ആദിവാസികളുമായി ജില്ലാ കലക്ടർ ഡി. ബാലമുരളിയും ജനപ്രതിനിധികളും ചർച്ച നടത്തിയത്.

ആദിവാസികളുടെ ആവശ്യം ന്യായമാണെന്ന പൊതു വികാരമാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളടക്കം യോഗത്തിൽ പങ്കുവെച്ചത്. സാങ്കേതികമായ പഠനത്തിന് ശേഷം രണ്ട് മാസത്തിനുള്ളിൽ ആദിവാസികളെ കൊണ്ടു തന്നെ റോഡ് വെട്ടിക്കാമെന്ന ഉറപ്പ് അധികൃതർ നൽകി. വനവകാശ നിയമപ്രകാരം ഒരു ഹെക്ടറിൽ താഴെ ഉള്ള വനഭൂമിയിൽ ആദിസികൾക്ക് വികസന പ്രവർത്തനങ്ങൾ നടത്താം.

കൂടുതൽ സ്ഥലത്ത് റോഡ് നിർമ്മിക്കാൻ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയും തേടും. എന്നാൽ ഊര് കൂട്ടത്തിനു ശേഷം മാത്രമെ തങ്ങളുടെ തീരുമാനം പറയാൻ കഴിയുവെന്ന് സമരക്കാർ പറഞ്ഞു. നിലവിൽ വനത്തിലൂടെയുള്ള വഴി വെട്ടൽ തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. വിഷയത്തിൽ മുഖ്യമുന്തിയും, വനം മന്ത്രിയും ജില്ലാ കലക്ടറുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു.