LiveTV

Live

Kerala

കഞ്ചാവ് കേസിലെ പ്രതിയുടെ മരണം; ജയില്‍ ഡിജിപി ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും

തൃശൂരില്‍ കഞ്ചാവ് കേസിലെ പ്രതി ഷെമീര്‍ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ അമ്പിളിക്കല കോവിഡ് സെന്‍ററിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാല് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

കഞ്ചാവ് കേസിലെ പ്രതിയുടെ മരണം; ജയില്‍ ഡിജിപി ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും

തൃശൂര്‍ അമ്പിളിക്കലയിലെ കോവിഡ് സെന്‍ററില്‍ കഞ്ചാവ് കേസ് പ്രതി ഷെമീര്‍ മരിച്ച സംഭവം, ജയില്‍ ഡിജിപി ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും. കോവിഡ് സെന്‍ററില്‍ വെച്ച് ഷെമീറിന് മര്‍ദനമേറ്റിട്ടില്ലെന്നാണ് ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായ നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.

റിമാന്‍ഡിലായിരുന്ന കഞ്ചാവ് കേസ് പ്രതി ഷെമീര്‍ മരിച്ചത് മർദ്ദനം മൂലമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജയിൽ ഡി.ജി.പി ആവശ്യപ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി ഷെമീറിനെ അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രത്തിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരുടെയും, കൂട്ടുപ്രതികളുടെയും മൊഴി എടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തര മേഖല ഡിഐജി വിനോദ് കുമാര്‍ ജയില്‍ ഡിജിപിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കഞ്ചാവ് കേസിലെ പ്രതിയുടെ മരണം; ജയില്‍ ഡിജിപി ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കും

കോവിഡ് സെന്‍ററില്‍ വെച്ച്‌ ഷെമീറിന് മർദ്ദനം ഏറ്റിട്ടില്ലെന്നും ജനറൽ ആശുപത്രിയിൽ വെച്ച് മർദ്ദനം ഏറ്റിരിക്കാം എന്നും റിപ്പോർട്ടില്‍ പറയുന്നു. അമ്പിളിക്കല കോവിഡ് കെയർ സെന്‍ററിൽ വെച്ച്‌ മാരകമർദ്ദനം നടന്നിട്ടില്ലെന്നാണ് ജയിൽ വകുപ്പിന്‍റെ പ്രാഥമിക റിപ്പോർട്ട്. മരണകാരണമാകുന്ന മർദ്ദനം ഉണ്ടായിട്ടില്ല. ജനറൽ ആശുപത്രിയിൽ വെച്ച് മർദ്ദനം ഏറ്റിരിക്കാം എന്നും റിപ്പോർട്ടിലുണ്ട്. ആരോപണ വിധേയരായ നാല് ഉദ്യോഗസ്ഥരിൽ രണ്ട് പേർ മോശമായി പെരുമാറാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.

റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നാല് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. 2 പേരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഒരാൾ അതിസുരക്ഷാ ജയിലിലേക്കും മറ്റൊരാളെ എറണാകുളം സബ് ജയിലിലേക്കുമായി മാറ്റിയിരിക്കുന്നത്.

ഷമീറിന്‍റെ മരണം ജയില്‍ ഡിജിപി ഋഷിരാജ് സിങ് നേരിട്ട് അന്വേഷിക്കാനും തീരുമാനമായി. കൊച്ചിയിലും തൃശൂരും ജയില്‍ ഡിജിപി പരിശോധന നടത്തും. തൃശൂര്‍ ജില്ലാ ജയിലില്‍ കഴിയുന്ന ഷെമീറിന്‍റെ ഭാര്യയെയും ഋഷിരാജ് സിങ് നേരിട്ട് കാണും.

ജയില്‍ വകുപ്പിന് കീഴിലുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങളെ കുറിച്ച് പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം.

കഴിഞ്ഞ മാസം 29-നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടുന്നത്. റിമാൻഡിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊവിഡ് സെന്‍ററിലേക്ക് മാറ്റി. 30-ന് അപസ്മാരബാധയെ തുടര്‍ന്ന് ഷെമീറിനെ തൃശ്ശൂർ ജനറല്‍ ആശുപത്രിയിൽ ചികിത്സ നൽകി തിരികെ നിരീക്ഷണ കേന്ദ്രത്തിലെക്ക് എത്തിച്ചു. പിന്നീടാണ് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് ഷമീർ മരിച്ചത്. തലക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്. ഷെമീറിന്‍റെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ശരീരത്തില്‍ 40-ലേറെ മുറിവുകളുണ്ട്. ദേഹം മുഴുവൻ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശരീരത്തിന്‍റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയതായും കണ്ടെത്തിയിട്ടുണ്ട്.

ഷെമീറിന്‍റെ ഭാര്യ ഉൾപ്പെടെ ഉള്ള കൂട്ടുപ്രതികളുടെ മൊഴി നാളെ രേഖപ്പെടുത്തും. അമ്പിളിക്കല കോവിഡ് സെന്‍ററിലെ ഉദ്യോഗസ്ഥർ ഷെമീറിനെ മർദ്ദിച്ചതായി നേരത്തെ ഭാര്യ ഉൾപ്പടെ ഉള്ള കൂട്ടുപ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.