LiveTV

Live

Kerala

ആനക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ വനംമന്ത്രിയുടെ ഒത്താശ

അന്വേഷണം നിര്‍ത്തിവെക്കാന്‍ വനം വകുപ്പ് ഉത്തരവ് ഇറക്കി

ആനക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ വനംമന്ത്രിയുടെ ഒത്താശ

വനംവകുപ്പ് അന്വേഷിക്കുന്ന ആനക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാന്‍ ഒത്താശ ചെയ്ത് വകുപ്പ് മന്ത്രി കെ രാജു. വന്യജീവിസംരക്ഷണനിയമം ലംഘിച്ച് ആനകളെ കേരളത്തിലേക്ക് കടത്തിയതിനടക്കം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം നിര്‍ത്തവെയ്ക്കാന്‍ മന്ത്രി ഉത്തരവിട്ടു. വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ആന ഉടമകളുടെ പരാതി ലഭിച്ചപ്പോള്‍ റിപ്പോര്‍ട്ട് തേടുക മാത്രമാണ് ചെയ്തതെന്ന് മന്ത്രി വിശദീകരിച്ചു. കേസിനാധാരമായ ആനയുടമ ഷാജിയുടെ വെളിപ്പെടുത്തല്‍ വീഡിയോ മീഡിയവണ്‍പുറത്ത് വിട്ടു.

കൊല്ലം പുത്തന്‍കുളം ആനത്താവളത്തിന്‍റെ ഉടമ ഷാജിയുടെ ഈ വെളിപ്പെടുത്തല്‍ തെളിവായെടുത്താണ് ആനക്കടത്തുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് വനംവകുപ്പ് അടുത്തിടെ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. വന്യജീവി സംരക്ഷണ നിയമത്തിനും, നാട്ടാന പരിപാലന ചട്ടത്തിനും, സുപ്രീംകോടതി ഉത്തരവിനും വിരുദ്ധമായി ആനകളെ കേരളത്തിലേക്ക് കൊണ്ടുവരികയും, പുറത്തേക്ക് കടത്തുകയും, കൈമാറ്റം ചെയ്യുകയും രേഖകളില്ലാതെ കൈവശം വെയ്ക്കുന്നതുമടക്കം 17 ചട്ടലംഘനങ്ങളാണ് വെളിപ്പെടുത്തലില്‍ വ്യക്തമായത്.

കേരളത്തിലേക്ക് കടത്തിയ 15ഓളം ആനകളെ കണ്ടെത്തിയെങ്കിലും ഉടമകളടക്കം ഒളിവില്‍ പോയതോടെ കസ്റ്റഡിയിലെടുത്ത ആനകളെ വനംവകുപ്പിന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. കൊല്ലം റെയ്ഞ്ചില്‍ ഷാജി ഉള്‍പ്പെടെ നാല് ആന ഉടമകള്‍ക്കെതിരെയാണ് കേസുള്ളത്. അന്വേഷണം തുടരുന്നതിനിടെയാണ് നടപടികള്‍ നിര്‍ത്തിവെയ്ക്കാനുള്ള വനം മന്ത്രി കെ രാജുവിന്‍റെ നിര്‍ദ്ദേശം.

ആന ഉടമകളുടെ സംഘടനയുടെ പരാതി ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ അസാധാരണ നടപടി. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിലൂടെ റിപ്പോര്‍ട്ട് തേടിയ മന്ത്രി ഇത് ലഭിക്കുംവരെ അന്വേഷണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ‌ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഷാജി ഉള്‍പ്പെടെ ഒളിവില്‍ പോയെന്നിരിക്കെ അന്വേഷണം നിര്‍ത്തിവെയ്ക്കുന്നത് കേസിന് തിരിച്ചടിയാകും. റിപ്പോര്‍ട്ട് തേടുക മാത്രമാണ് ചെയ്തതെന്ന വിശദീകരണമായിരുന്നു മന്ത്രിയുടെ മറുപടി. കേസ് അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആന ഉത്സവ സംരക്ഷണ സഹായ സംഘം.