LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് കളമൊരുക്കുന്ന ജനാധിപത്യ വിരുദ്ധ ഭരണ പരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയണം - വെൽഫെയർ പാർട്ടി

ഉദ്യോഗസ്ഥരിലേക്ക് ഭരണക്രമങ്ങൾ മാറുന്നത് ജനാധിപത്യവിരുദ്ധവും അധികാര ദുർവിനിയോഗത്തിന് കാരണമാകുന്നതുമാണ്

മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് കളമൊരുക്കുന്ന ജനാധിപത്യ വിരുദ്ധ ഭരണ പരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയണം - വെൽഫെയർ പാർട്ടി

മന്ത്രിസഭയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് കളം ഒരുക്കുന്നതും ജനാധിപത്യവിരുദ്ധവുമായ പൊതുഭരണ വകുപ്പിന്റെ പുതിയ ഭരണ പരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ജനാധിപത്യക്രമത്തിൽ വലിയ പ്രാധാന്യമുള്ള മന്ത്രിസഭയുടെ അധികാരത്തെ ഇല്ലാതാക്കുന്നതാണ് പ്രസ്തുത റിപ്പോർട്ട്. മന്ത്രിസഭയെ മറികടന്ന് വ്യത്യസ്ത വകുപ്പുകളിലെ സുപ്രധാനമായ തീരുമാനങ്ങൾ ഉൾപ്പെടെ മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്കും ചേർന്ന് പരിഷ്കരിക്കാൻ കഴിയുന്ന നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ഉദ്യോഗസ്ഥ സർവാധിപത്യത്തിന് കാരണമാകും. ജനാധിപത്യത്തെ തുരങ്കം വെക്കാൻ ശ്രമിക്കുന്ന റിപ്പോർട്ട് തള്ളിക്കളയാൻ മന്ത്രിസഭ തയ്യാറാകണം.

ഉദ്യോഗസ്ഥരിലേക്ക് ഭരണക്രമങ്ങൾ മാറുന്നത് ജനാധിപത്യവിരുദ്ധവും അധികാര ദുർവിനിയോഗത്തിന് കാരണമാകുന്നതുമാണ്. പി.എസ്.സി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളിലെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് സമ്പൂർണ അധികാരം നൽകുന്ന നിർദേശങ്ങൾ ഏകാധിപത്യത്തിലേക്കാണ് വഴിവെക്കുന്നത്. ഡെപ്യൂട്ടേഷൻ നിയമനം, ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയവ സെക്രട്ടറി തലത്തിൽ നടപ്പാക്കാനുള്ള അധികാരം നൽകുന്നത് ഉദ്യോഗസ്ഥ ഭരണത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. മന്ത്രിമാർ അറിയാതെ സ്വന്തം വകുപ്പിലെ ഫയലുകൾ ഉദ്യോഗസ്ഥരുടെ താൽപര്യത്തിനനുസരിച്ച് നീക്കാനുള്ള നടപടികൾ ജനങ്ങളുടെ അധികാരത്തെ ഇല്ലാതാക്കുന്നതിന് കാരണമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വ്യത്യസ്ത വകുപ്പുകളുടെ അധികാരമേറ്റെടുത്തു നടത്തിവരുന്ന ഏകാധിപത്യ ഭരണത്തെ നിയമാനുസൃതമാക്കി മാറ്റാൻ ശ്രമിക്കുന്ന പൊതുഭരണ വകുപ്പിന്റെ റിപ്പോർട്ട് കേരള ജനത ഒറ്റക്കെട്ടായി തള്ളിക്കളയുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.