LiveTV

Live

Kerala

ലൈഫ് മിഷന്‍ ക്രമക്കേട് : സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യും

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലൻസ് കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ മൊഴികളിൽ വൈരുധ്യമുണ്ട് എന്നാണ് വിജിലൻസ് നിലപാട്

ലൈഫ് മിഷന്‍ ക്രമക്കേട് : സന്തോഷ് ഈപ്പനെ വീണ്ടും ചോദ്യം ചെയ്യും

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടിൽ യുണിടാക് ഉടമ സന്തോഷ് ഈപ്പനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. നിർമ്മാണ കരാർ ലഭിച്ചതിലും, എം ശിവശങ്കറുമായുള്ള കൂടിക്കാഴ്ചയിലും വ്യക്തത വരുത്താനാണിത്. നിര്‍മാണം നടക്കുന്ന വടക്കാഞ്ചേരിയിലെ പദ്ധതി പ്രദേശം വിജിലൻസ് തിങ്കളാഴ്ച പരിശോധിക്കും.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടിലെ വിജിലൻസ് കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ മൊഴികളിൽ വൈരുധ്യമുണ്ട് എന്നാണ് വിജിലൻസ് നിലപാട്. സന്തോഷ് ഈപ്പന്‍റെ മൊഴി ആദ്യം രേഖപ്പെടുത്തിയെങ്കിലും പദ്ധതിയിൽ യുണിടാക് ഇടം പിടിച്ചത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തതയില്ല. സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിൽ വിശദീകരണം തൃപ്തികരമല്ല. എം ശിവശങ്കറുമായി 2019 ഓഗസ്റ്റ് രണ്ടിന് കൂടിക്കാഴ്ച നടത്തിയെന്നാണ് സന്തോഷ് ഈപ്പൻ ഇ.ഡിക്ക് നൽകിയിരുന്ന മൊഴി.

എന്നാൽ വിജിലൻസ് നിന്ന് ഇത് മറച്ചുവെച്ചത് കൂടി പരിഗണിച്ചാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം. പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ബാങ്ക് അക്കൗണ്ടുകളുടെ പ്രാഥമിക പരിശോധനയിൽ വിജിലന്‍സ് കമ്മിഷന്‍ ഇടപാട് കണ്ടെത്തിയിട്ടുണ്ട്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, സന്ദീപ് നായര്‍, സരിത്ത് എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളാണ് പരിശോധിച്ചത്. യൂണിടാക്കിന്‍റെ അക്കൗണ്ടില്‍ നിന്ന് നാല് കോടി ഇരുപത് ലക്ഷം രൂപ സന്ദീപിന്‍റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് പദ്ധതിക്കായി ലഭിച്ച ആദ്യ ഗഡുവായ ഏഴരക്കോടി രൂപയില്‍ നിന്നാണ് കമ്മീഷന്‍ നല്‍കിയത്. ലഭിച്ച നാലരകോടിയില്‍ നിന്ന് സന്ദീപ് നായര്‍ മൂന്ന് കോടി അറുപത് ലക്ഷം രൂപ പിന്‍വലിച്ചു. ഈ തുക സ്വപ്‌നയും സംഘവും ചേര്‍ന്ന് യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദിന് കൈമാറി. സന്ദീപിന്‍റെ അക്കൗണ്ടില്‍ ശേഷിച്ച അറുപത് ലക്ഷം രൂപ സ്വപ്‌നയും സന്ദീപും സരിത്തും പങ്കിട്ടെടുത്തു.

ദുബായില്‍ വെച്ച് മൂന്ന് കോടി അറുപത് ലക്ഷം രൂപ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന് കൈമാറിയെന്ന് സ്വപ്ന തന്നോട് പറഞ്ഞതായി സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുമ്പോൾ ഇക്കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് വിജിലൻസ് കരുതുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ യൂണിടാകിന് യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പതിമൂന്നു കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്.