LiveTV

Live

Kerala

വിഎച്ച്എസ്ഇ വെബിനാറിൽ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി പങ്കെടുത്തത് പോക്സോ കേസ് പ്രതി

പോക്സോ കേസ് പ്രതിയെ കൊണ്ട് കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാന്‍ വിഎച്ച്എസ്ഇ പരിശീലന പരിപാടി നടത്തിയതിൽ കോഡിനേറ്റർക്ക് പിഴവ് സംഭവിച്ചെന്ന് അന്വഷണ റിപ്പോർട്ട്.

വിഎച്ച്എസ്ഇ വെബിനാറിൽ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായി പങ്കെടുത്തത് പോക്സോ കേസ് പ്രതി

പോക്സോ കേസ് പ്രതിയെ കൊണ്ട് കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാന്‍ വിഎച്ച്എസ്ഇ പരിശീലന പരിപാടി നടത്തിയതിൽ കോഡിനേറ്റർക്ക് പിഴവ് സംഭവിച്ചെന്ന് അന്വഷണ റിപ്പോർട്ട്. ഹയർസെക്കണ്ടറി ഡയറക്ടർ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കിയ റിപ്പോർട്ടിലാണ് പിഴവ് സംഭവിച്ചെന്ന് കണ്ടെത്തിയത്. പിഴവായതിനാൽ കടുത്ത നടപടി വേണ്ടെന്നാണ് റിപ്പോർട്ട് ശിപാർശ. റിപ്പോർട്ട് വിദ്യാഭ്യാസ സെക്രട്ടറിക്ക് കൈമാറി.

ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറില്‍ പോക്സോ കേസുകളില്‍ പ്രതിയായ ഡോക്ടര്‍ ഗിരീഷിനെ പങ്കെടുപ്പിച്ചതിൽ കരിയർ ഗൈഡൻസ് കോ‍ഡിനേറ്റർക്ക് പിഴവ് സംഭവിച്ചതാണെന്നതാണ് പ്രധാന കണ്ടെത്തൽ. മതിയായ കൂടിയാലോചനകൾ ഇല്ലാതെ പരിപാടി തീരുമാനിച്ചതാണ് പ്രശ്നത്തിന്‍റെ കാരണം. ഈ അശ്രദ്ധ പരിപാടിക്കും വകുപ്പിനും കളങ്കമുണ്ടാകുന്നതിന് കാരണമായെന്നും അന്വഷണ റിപ്പോർട്ടിൽ പറയുന്നു. പിഴവു വരുത്തിയ കരിയർ ഗൈഡൻസ് കോര്‍ഡിനേറ്ററെ തൽക്കാലം താക്കീത് ചെയ്താൽ മതിയെന്നാണ് ഹയർസെക്കണ്ടറി ഡയറക്ടർ പി. പി പ്രകാശൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ നൽകിയ റിപ്പോർട്ടിലെ ശിപാർശ.

ഉന്നതതല അനുമതി ലഭിച്ചാലേ ഇത്തരത്തിലെ പരിപാടികൾക്ക് ഇനി മുതൽ അനുമതി നൽകാവൂ എന്നും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. പോക്സോ കേസുകളിലെ പ്രതിയെ വെബിനാറിൽ പങ്കെടുപ്പിച്ചത് വിവാദമായതോടെയാണ് സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായത്. ഡോക്ടര്‍ ഗിരീഷിന്‍റെ പേരിൽ കേസുള്ളത് അറിയില്ലെന്ന് പറഞ്ഞ് വിഎച്ച്എസ്ഇ കൈകഴുകിയെങ്കിലും സർക്കാർ വകുപ്പ് തല അന്വഷണം പ്രഖ്യാപിച്ച് ചുമതല ഹയർ സെക്കണ്ടറി ഡയറക്ടർക്ക് കൈമാറുകയായിരുന്നു. രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നയാളാണ് ഡോ.ഗിരീഷ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്ന നിലയിലാണ് ഡോ ഗിരീഷിനെ വെബിനാറിൽ പങ്കെടുപ്പിച്ചത്.