LiveTV

Live

Kerala

കഞ്ചാവ് കേസ് പ്രതിയുടെ മരണം: ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

പ്രതി ഷെമീര്‍ മരിച്ചത് ക്രൂരമർദ്ദനമേറ്റെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.

കഞ്ചാവ് കേസ് പ്രതിയുടെ മരണം: ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്

തൃശൂരില്‍ കഞ്ചാവ് കേസ് പ്രതി റിമാന്‍റിലിരിക്കേ മരിച്ച സംഭവത്തില്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പ്രതി ഷെമീര്‍ മരിച്ചത് ക്രൂരമർദ്ദനമേറ്റെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ഷെമീറിനെ ക്വാറന്‍റൈൻ കേന്ദ്രത്തിലേത്തിക്കുമ്പോൾ നെറ്റിയിൽ മുറിവുണ്ടായിരുന്നുവെന്നാണ് ജയിൽ വകുപ്പ് നൽകുന്ന വിശദീകരണം.

കഴിഞ്ഞ മാസം 29-നാണ് 10 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശിയായ ഷെമീറിനെയും ഭാര്യയെയും മറ്റ് രണ്ട് പേരെയും തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് പൊലീസ് പിടികൂടുന്നത്. റിമാൻഡിലായ പ്രതികളെ പിന്നീട് അമ്പിളിക്കല കൊവിഡ് സെന്‍ററിലേക്ക് മാറ്റി. 30-ന് അപസ്മാരബാധയെ തുടര്‍ന്ന് ഷെമീറിനെ തൃശ്ശൂർ ജനറല്‍ ആശുപത്രിയിൽ ചികിത്സ നൽകി തിരികെ നിരീക്ഷണ കേന്ദ്രത്തിലെക്ക് എത്തിച്ചു. പിന്നീടാണ് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് ഷമീർ മരിച്ചത്. തലക്കേറ്റ ക്ഷതവും ക്രൂരമർദ്ദനവുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട്. ഷെമീറിന്‍റെ വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. ശരീരത്തില്‍ 40-ലേറെ മുറിവുകളുണ്ട്. ദേഹം മുഴുവൻ രക്തം കട്ടപിടിച്ചിട്ടുണ്ട്. ശരീരത്തിന്‍റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയതായും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ട റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കോവിഡ് സെന്‍ററിൽ വെച്ച് ഷെമീറിനെ ജയില്‍ ജീവനക്കാര്‍ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി ഭാര്യയും കേസിലെ മറ്റു പ്രതികളും മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതരി കൊലകുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഷെമീറിനെ ക്വാറന്റൈൻ കേന്ദ്രത്തിലേത്തിക്കുമ്പോൾ നെറ്റിയിൽ മുറിവുണ്ടായിരുന്നുവെന്നാണ് ജയിൽ വകുപ്പ് നൽകുന്ന വിശദീകരണം. റിമാന്റ് റിപ്പോർട്ടിനൊപ്പം സമർപ്പിച്ച വൈദ പരിശോധന റിപ്പോർട്ടിൽ അത് സംബസിച്ച പരാമർശമുണ്ടായിരുന്നെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധന നടത്തിയിരുന്നില്ലെന്നും ജില്ലാ ജയിൽ സൂപ്രണ്ട് അറിയിച്ചു.