LiveTV

Live

Kerala

ഫ്ലാറ്റ് നിർമ്മാണത്തിനെന്ന പേരിൽ പണം വാങ്ങി ഐ.എം.എയുടെ നേതൃത്വത്തിലുള്ള സൊസൈറ്റി പറ്റിച്ചതായി ഡോക്ടര്‍മാരുടെ പരാതി

ഡോക്ടർമാരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി ഒൻപത് വർഷമായിട്ടും ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചിട്ടില്ല.

ഫ്ലാറ്റ് നിർമ്മാണത്തിനെന്ന പേരിൽ പണം വാങ്ങി ഐ.എം.എയുടെ നേതൃത്വത്തിലുള്ള സൊസൈറ്റി പറ്റിച്ചതായി ഡോക്ടര്‍മാരുടെ പരാതി

കോഴിക്കോട് ഐഎംഎ യുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സൊസൈറ്റി ഫ്ലാറ്റ് നിർമ്മാണത്തിനെന്ന പേരിൽ പണം വാങ്ങി പറ്റിച്ചതായി പരാതി. ഡോക്ടർമാരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി ഒൻപത് വർഷമായിട്ടും ഫ്ലാറ്റ് നിർമ്മാണം ആരംഭിച്ചിട്ടില്ല. ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമാണ് വാങ്ങിയതെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും കാണിച്ച് മെഡിക്കൽ കോളേജിലെ ഡോക്ടർ സുനിൽ കുമാറാണ് ചേവായൂർ പോലീസിൽ പരാതി നൽകിയത്.

കാലിക്കറ്റ് ഐഎംഎ വെൽഫെയർ ആന്‍റ് റിസർച്ച് എന്ന പേരിൽ 2011 ൽ രൂപീകരിച്ച സൊസൈറ്റി ഡോക്ടർമാരിൽ പത്ത് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഭൂമി വാങ്ങി ഡോക്ടർമാർക്കായി ഫ്ലാറ്റ് പണിയുവാനായിരുന്നു തീരുമാനം. ഇത് പ്രകാരം നൂറ് ഡോക്ടർമാരിൽ നിന്നായി പതിനൊന്ന് ലക്ഷം രൂപ വീതം വാങ്ങി. എന്നാൽ ചേവായൂർ നേതാജി നഗറിലെ തണ്ണീർതടമായ രണ്ടര ഏക്കർ ഭൂമിയാണ് സൊസൈറ്റി ഭാരവാഹികൾ വാങ്ങിയതെന്നാണ് പരാതി. ഇതിൽ ഫ്ലാറ്റ് പണിയാൻ സാധിക്കില്ലെന്നും ഭാരവാഹികൾ സാമ്പത്തിക ലാഭം ലക്ഷ്യം വെച്ചാണ് ഭൂമി വാങ്ങിയെതെന്നും പരാതിക്കാരനായ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇഎൻടി വിഭാഗം പ്രൊഫസർ ഡോ. സുനിൽകുമാർ പറഞ്ഞു.

നേരത്തെ മറ്റ് ചില ഡോക്ടർമാരും പരാതി നൽകിയിരുന്നെങ്കിലും ഐഎംഎ ഭാരവാഹികൾ ഇടപെട്ട് ഒത്ത് തീർപ്പാക്കിയെന്നും ആരോപണമുണ്ട്. വിഷയം ചർച്ച ചെയ്യാൻ ഐഎംഎ കോഴിക്കോട് ഘടകത്തിന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇന്ന് യോഗം ചേരും. അതിന് ശേഷം മാത്രമേ പ്രതികരിക്കാനുള്ളൂ എന്ന് ഐഎംഎ ഭാരവാഹികൾ പറഞ്ഞു.