LiveTV

Live

Kerala

സിദ്ദീഖ് കാപ്പന് പിന്തുണയുമായി വീട്ടില്‍ കോണ്‍ഗ്രസ് സംഘത്തിന്റെ സന്ദർശനം

കെ.പി.സി.സി സെക്രട്ടറി കെ.പി നൌഷാദ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ദീഖിന്റെ വേങ്ങരയിലുള്ള കുടുംബവീട് സന്ദർശിച്ച് പിന്തുണ അറിയിച്ചത്.

സിദ്ദീഖ് കാപ്പന് പിന്തുണയുമായി വീട്ടില്‍ കോണ്‍ഗ്രസ് സംഘത്തിന്റെ സന്ദർശനം

ഹാസ്റഥില്‍ ലൈംഗിക അതിക്രമത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദർശിക്കുന്നതിനിടെ ഉത്തർപ്രദേശ് അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തിയ മാധ്യമപ്രവർത്തകന്‍ സിദ്ദീഖ് കാപ്പന്റെ വീട്ടില്‍ കോണ്‍ഗ്രസ് സംഘത്തിന്റെ സന്ദർശനം. കെ.പി.സി.സി സെക്രട്ടറി കെ.പി നൌഷാദ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിദ്ദീഖിന്റെ വേങ്ങരയിലുള്ള കുടുംബവീട് സന്ദർശിച്ച് പിന്തുണ അറിയിച്ചത്. പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദീഖിന്റെ മോചനത്തിനായി രാഷ്ട്രീയവും നിയമപരവുമായ മുഴുവൻ പിന്തുണയും നല്‍കുമെന്ന് സംഘം കുടുംബത്തിന് ഉറപ്പ് നൽകി.

ഇതിനുപുറമെ യു.ഡിഎഫ് കണ്‍വീനർ എം.എം ഹസ്സന്‍, കെ.പി.സി.സി ട്രഷറർ കെ.കെ കൊച്ചുമുഹമ്മദ് എന്നിവർ കുടുംബത്തെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. കൃത്യനിർവ്വഹണത്തിനിടയിൽ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നത് പ്രകടമായ ഫാസിസമാണെന്നും മുഴുവൻ ജനാധിപത്യ മനസ്സുകളും ഇതിനെതിരെ ഐക്യപ്പെടേണ്ടതുണ്ടെന്നും ഇരുവരും പറഞ്ഞു.

പി.പി.എ. ബാവ, പി.കെ. സിദ്ദീഖ്, സന്തോഷ് പൂച്ചോലമാട്, പി.അബ്ദു, കാപ്പൻ അഷ്കർ, നാസിൽ പൂവിൽ തുടങ്ങിയവർ സിദ്ദീഖിന്റെ കുടുംബവീട് സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.