LiveTV

Live

Kerala

ആത്മഹത്യക്ക് ശ്രമിച്ച വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മരിച്ചു

ആത്മഹത്യാശ്രമം മേല്‍ ഉദ്യോഗസ്ഥന്‍റെ പീഡനം മൂലമെന്ന് കുടുബം. സി.ഐ സജിമോനെതിരെ ബന്ധുക്കള്‍ പരാതി നല്‍കി.

ആത്മഹത്യക്ക് ശ്രമിച്ച വിളപ്പില്‍ശാല സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ മരിച്ചു

തിരുവനന്തപുരം വിളപ്പില്‍ശാല പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സ്റ്റേഷനിൽ വെച്ച് രാധാകൃഷ്ണനെ സി.ഐ മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടി ബന്ധുക്കൾ പരാതി നൽകി. പരാതി പരിശോധിക്കുമെന്ന് റൂറൽ എസ്പി പറഞ്ഞു.

ഒക്ടോബർ ഒന്നിനാണ് വിളപ്പിൽശാല സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ രാധാകൃഷ്ണൻ സ്റ്റേഷനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന രാധാകൃഷ്ണൻ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. ഒരു മാസത്തോളമായി രാധാകൃഷ്ണന്‍ സി ഐ യിൽ നിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രാധാകൃഷ്ണൻ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ സിഐ കീറി കളയുന്ന സാഹചര്യമുണ്ടായെന്നും, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും അവധി അനുവദിച്ചില്ലെന്നും സഹോദരൻ വിനോദ് പറഞ്ഞു. സ്റ്റേഷനില്‍ വെച്ച് രാധാകൃഷ്ണന് മര്‍ദ്ദനമേറ്റെന്ന സംശയമുണ്ടെന്ന് ഭാര്യ പ്രിയയും ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ പോലീസ് നിഷേധിച്ചു.

സിഐക്കെതിരെ ബന്ധുക്കൾ വിളപ്പിൽശാല സ്റ്റേഷനിൽ തന്നെ പരാതി നൽകിയിട്ടുണ്ട്. സംഭവം പരിശോധിക്കുമെന്ന് റൂറൽ എസ് പി ബി അശോകൻ പ്രതികരിച്ചു.