LiveTV

Live

Kerala

പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന പരാതി: ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വി. മുരളീധരന്‍

പ്രധാനമന്ത്രിക്ക് കൊടുത്ത പരാതിയില്‍ അദ്ദേഹം തന്നെ മറുപടി പറയട്ടെ.

പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന പരാതി: ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വി. മുരളീധരന്‍

യുഎഇ യാത്രയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന പരാതിയില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. പ്രോട്ടോക്കോള്‍ ലംഘനത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഏത് പ്രോട്ടോക്കോള്‍ എന്നാണ് മന്ത്രി തിരിച്ചു ചോദിച്ചത്. വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗമായിരുന്നു അത്. അതില്‍ പി.ആര്‍. മാനേജരായ സ്മിതാ മേനോന്‍ പങ്കെടുത്തതില്‍ യാതൊരു പ്രോട്ടോക്കോള്‍ ലംഘനവുമില്ല. വിഷയത്തില്‍ വിദേശകാര്യ വക്താവ് നേരത്തെ തന്നെ മറുപടി നല്‍കിയതാണ്.

ബി.ജെ.പിക്കുള്ളില്‍ തനിക്കെതിരായ പടയൊരുക്കമല്ല, സിപിഎമ്മിന്‍റെ അഴിമതിക്കെതിരായ പടയൊരുക്കമാണ് നടക്കുന്നതെന്നും മുരളീധരന്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തെ കള്ളക്കടത്തുകാരുടെയും രാജ്യദ്രോഹികളുടെയും കേന്ദ്രമാക്കി മാറ്റാനുള്ള സിപിഎം നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ക്ക് എതിരായി പാര്‍ട്ടി ശക്തമായ പടയൊരുക്കത്തിലാണ്.

പ്രധാനമന്ത്രിക്ക് കൊടുത്ത പരാതിയില്‍ അദ്ദേഹം തന്നെ മറുപടി പറയട്ടെ. മോദി സര്‍ക്കാരില്‍ ഒരുതരത്തിലുള്ള അഴിമതിയും സ്വജന പക്ഷപാതവും രാജ്യത്തെവിടെയും നടക്കാന്‍ അനുവദിക്കില്ലാ എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. അതുകൊണ്ട് ആര്‍ക്കെങ്കിലും അക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ ആ പരാതികള്‍ ബന്ധപ്പെട്ട സ്ഥാനങ്ങളില്‍ കൊടുക്കാം, അതിന്മേല്‍ നടക്കുന്ന എല്ലാ അന്വേഷണങ്ങളും സുതാര്യമായിരിക്കും. എല്ലാ അന്വേഷണങ്ങളെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും, മാധ്യമപ്രവര്‍ത്തകര്‍ക്കും അന്വേഷിക്കാം. അന്വേഷിക്കുന്നവര്‍ക്കെല്ലാം അതിനുള്ള ഉത്തരവും കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.