LiveTV

Live

Kerala

വാഹനം അപകടത്തില്‍പ്പെട്ട സംഭവം: അബ്‍ദുള്ളക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ പരാതിയില്‍ പൊലീസ് കേസ്

പൊന്നാനി പൊലീസ് ആണ് കേസെടുത്തത്. നേരത്തെ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട് കാടാമ്പുഴ പോലീസ് കേസെടുത്തിരുന്നു.

വാഹനം അപകടത്തില്‍പ്പെട്ട സംഭവം: അബ്‍ദുള്ളക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ പരാതിയില്‍ പൊലീസ് കേസ്

ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ പൊന്നാനി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അബ്ദുല്ലക്കുട്ടിയോടൊപ്പം ഉണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ പരാതിയിലാണ് കേസ്. ഹോട്ടലിൽ ഫോട്ടോ എടുത്തതിന്‍റെ പേരിൽ തർക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാൾ കല്ലെറിഞ്ഞെന്നുമാണ് പരാതിയിലുള്ളത്. നേരത്തെ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ടു കാടാമ്പുഴ പോലീസ് കേസെടുത്തിരുന്നു. അപകടത്തിനു പിന്നിൽ മറ്റു കാരണങ്ങളില്ലെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം.

താന്‍ സഞ്ചരിച്ച കാറിന്‍റെ പിറകിൽ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എ.പി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

മലപ്പുറം രണ്ടത്താണിയിൽ വെച്ചായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ നടന്ന സംഭവം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. പൊന്നാനിയിൽ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.