LiveTV

Live

Kerala

ഹോട്ടലില്‍ തര്‍ക്കമുണ്ടായിട്ടില്ല: അബ്‍ദുള്ളക്കുട്ടിയുടെ പരാതി തള്ളി ഹോട്ടലുടമ

എ.പി അബ്ദുള്ളക്കുട്ടിയുമായി തര്‍ക്കമുണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ ഷക്കീര്‍. നല്ല രീതിയിലാണ് പെരുമാറിയത്. ഹോട്ടലിൽ നിന്നിറങ്ങി മറ്റു പ്രശ്നങ്ങളുണ്ടായോ എന്നറിയില്ലെന്നും ഹോട്ടലുടമ

ഹോട്ടലില്‍ തര്‍ക്കമുണ്ടായിട്ടില്ല: അബ്‍ദുള്ളക്കുട്ടിയുടെ പരാതി തള്ളി ഹോട്ടലുടമ

ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട് അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍, ഹോട്ടലില്‍ തര്‍ക്കമുണ്ടായെന്ന അബ്ദുള്ളക്കുട്ടിയുടെ പരാതി തള്ളി വെളിയങ്കോട്ടെ ഹോട്ടലുടമ. അബ്ദുള്ളക്കുട്ടിയുമായി തര്‍ക്കമുണ്ടായിട്ടില്ലെന്ന് ഹോട്ടലുടമ ഷക്കീര്‍ പറയുന്നു. നല്ല രീതിയിലാണ് പെരുമാറിയത്. ഹോട്ടലിൽ നിന്നിറങ്ങി മറ്റു പ്രശ്നങ്ങളുണ്ടായോ എന്നറിയില്ലെന്നും ഹോട്ടലുടമ ഷക്കീര്‍ പ്രതികരിച്ചു.

വെളിയങ്കോടുള്ള ഹോട്ടലിൽ വെച്ച് ഒരു സംഘം അപമര്യാദയായി പെരുമാറിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പരാതി. അബ്ദുല്ലക്കുട്ടിയോടൊപ്പം ഉണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ പരാതിയില്‍ പൊന്നാനി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹോട്ടലിൽ ഫോട്ടോ എടുത്തതിന്‍റെ പേരിൽ തർക്കം ഉണ്ടായതായും ഒരു സംഘം ഭീഷണിപ്പെടുത്തിയതായും വാഹനത്തിന് നേരെ ഒരാൾ കല്ലെറിഞ്ഞെന്നുമാണ് പരാതിയിലുള്ളത്. നേരത്തെ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ടു കാടാമ്പുഴ പോലീസ് കേസെടുത്തിരുന്നു.

മലപ്പുറം രണ്ടത്താണിയിൽ വെച്ചായിരുന്നു എ.പി അബ്ദുള്ളക്കുട്ടിയുടെ വാഹനത്തിന് നേരെ അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. പൊന്നാനിയിൽ വെച്ച് ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ ഒരു സംഘം അപമാനിക്കാന്‍ ശ്രമിച്ചതായും ഇതിന് ശേഷമാണ് കാറില്‍ ലോറി വന്നിടിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

താന്‍ സഞ്ചരിച്ച കാറിന്‍റെ പിറകിൽ രണ്ട് തവണ ലോറി കൊണ്ടിടിച്ചെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് അബ്ദുള്ളക്കുട്ടിയും ബി.ജെ.പിയും പറയുന്നത്.

എന്നാല്‍ അപകടത്തിനു പിന്നിൽ മറ്റു കാരണങ്ങളില്ലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. നല്ല മഴയായതിനാലാണ് അപകടമുണ്ടായത് എന്നാണ് ലോറിയുടമ നല്‍കുന്ന വിശദീകരണം.