LiveTV

Live

Kerala

''യുണിടാക്കിന് എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്ന് പറഞ്ഞ് വിളിച്ചു''; എം. ശിവശങ്കറിനെതിരെ എഞ്ചിനിയറുടെ മൊഴി

വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനിയറാണ് വിജിലന്‍സിന് മൊഴി നല്‍കിയത്

''യുണിടാക്കിന് എല്ലാ സഹായവും ചെയ്തുകൊടുക്കണമെന്ന് പറഞ്ഞ് വിളിച്ചു''; എം. ശിവശങ്കറിനെതിരെ എഞ്ചിനിയറുടെ മൊഴി

ലൈഫ് മിഷൻ ക്രമക്കേടിലെ വിജിലൻസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വീണ്ടും മൊഴി. യുണിടാക്കിന് എല്ലാ സഹായവും ചെയ്യാൻ ശിവശങ്കർ പറഞ്ഞതായി വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയർ മൊഴി നൽകി. പദ്ധതിയുടെ ഭാഗമായി കമ്മീഷൻ നൽകാമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതികളായ സന്ദീപും, സരിത്തും പറഞ്ഞിരുന്നതായി യുണിടാക്കിലെ മുൻ ജീവനക്കാരനായ യദുവും മൊഴി നൽകി.

ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറിന് കൂടുതൽ കുരുക്കാകുന്നതാണ് വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന വനിത എഞ്ചിനീയറുടെ മൊഴി. ജൂലൈ 31 ന് ലൈഫ് മിഷനും റെഡ് ക്രെസന്‍റും കരാർ ഒപ്പിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ശിവശങ്കർ ഓഫീസിലെ ഫോണിൽ വിളിച്ചത്. പദ്ധതിയിൽ നിർമ്മാണ ചുമതലയുള്ള യുണിടാക്കിന് സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്ന് എം. ശിവശങ്കർ പറഞ്ഞു. ശിവശങ്കർ വിളിച്ചപ്പോഴാണ് യുണിടാക്കിനെ കുറിച്ച് അറിയുന്നതെന്നും എഞ്ചിനീയർ വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപിൽ നിന്നും സരിത്തിൽ നിന്നും കമ്മീഷൻ വാങ്ങി എന്ന് കരുതുന്ന യുണിടാക്കിലെ മുൻ ജീവനക്കാരൻ യദു സുരേന്ദ്രന്‍റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി.

സന്ദീപിന്‍റെ സുഹൃത്താണ് യദു. ആറ് ലക്ഷം രൂപ കമ്മീഷൻ നൽകാമെന്ന് പറഞ്ഞെങ്കിലും അത് ലഭിച്ചില്ലെന്നാണ് യദുവിന്‍റെെ മൊഴി. ഈ മൊഴി വിജിലൻസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.