LiveTV

Live

Kerala

ഡല്‍ഹിയിലില്ലെങ്കിലും ഡല്‍ഹി അലവന്‍സും ശമ്പളവുമടക്കം എ. സമ്പത്ത് കൈപ്പറ്റിയത് 3.28 ലക്ഷം രൂപ

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് കാബിനറ്റ് പദവിയുള്ള പ്രത്യേക പ്രതിനിധി എ സമ്പത്തിന്‍റെ ദൌത്വം. എന്നാല്‍ ലോക്ഡൌണ്‍ കാലം മുതല്‍ സമ്പത്ത് നാട്ടിലാണ്

ഡല്‍ഹിയിലില്ലെങ്കിലും ഡല്‍ഹി അലവന്‍സും ശമ്പളവുമടക്കം എ. സമ്പത്ത് കൈപ്പറ്റിയത്  3.28 ലക്ഷം രൂപ

ലോക്ഡൌണിന്‍റെ തുടക്കം മുതല്‍ ഡല്‍ഹിയിലില്ലാത്ത സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് ശമ്പളവും അലവന്‍സുമായി 3.28 ലക്ഷം രൂപ കൈപറ്റിയതായി വിവരാവകാശ രേഖ. മാര്‍ച്ചില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചത് മുതല്‍ നാട്ടിലുള്ള സമ്പത്ത് എത്ര ദിവസം ജോലിക്ക് ഹാജരായെന്ന ചോദ്യത്തിന് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് മറുപടി. ചുമതല നിര്‍വഹിക്കാത്ത കാലത്ത് ശമ്പളം നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പരാതി ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറിയെങ്കിലും നടപടി ഉണ്ടായില്ല.

ഡല്‍ഹി കേന്ദ്രീകരിച്ചുള്ള സംസ്ഥാനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് കാബിനറ്റ് പദവിയുള്ള പ്രത്യേക പ്രതിനിധി എ സമ്പത്തിന്‍റെ ദൌത്വം. എന്നാല്‍ ലോക്ഡൌണ്‍ കാലം മുതല്‍ സമ്പത്ത് നാട്ടിലാണ്. ഈ കാലയളവില്‍ ശമ്പളവും ഡല്‍ഹിയിലെ അലവന്‍സും ചേര്‍ത്ത് 3,28,480 രൂപ സമ്പത്ത് കൈപറ്റിയിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലേതാണിത്.

അഭിഭാഷകനായ കോശി ജേക്കബിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ കാലയളവില്‍ എത്ര ദിവസം ഓഫീസില്‍ ജോലിക്ക് ഹാജരായെന്ന ചോദ്യത്തിനും അവധി എടുത്തിരുന്നോ എന്ന ചോദ്യത്തിനും വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് കേരള ഹൌസ് അഡ്മിനിസ്ട്രേഷന്‍ ഓഫീസര്‍ നല്‍കിയ മറുപടി. നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരവധി മലയാളികള്‍ കുടുങ്ങിയപ്പോള്‍ സമ്പത്തിന്‍റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു.