LiveTV

Live

Kerala

അല്‍ഖാഇദ അറസ്റ്റ്; യുവാക്കള്‍ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനമെന്ന് വസ്തുതാന്വേഷണ സമിതി

''യുവാക്കളുടെ ബന്ധുക്കളില്‍ നിന്ന് എന്‍.ഐ.എ നിര്‍ബന്ധപൂര്‍വം വെള്ളപ്പേപ്പറില്‍ ഒപ്പുവാങ്ങി, വീട്ടിലെ കൊച്ചു കുട്ടികളെപ്പോലും ആക്രമിച്ചു''

അല്‍ഖാഇദ അറസ്റ്റ്; യുവാക്കള്‍ക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനമെന്ന് വസ്തുതാന്വേഷണ സമിതി

അല്‍ഖാഇദ ബന്ധമാരോപിച്ച് പിടികൂടിയ യുവാക്കളുടെ ബന്ധുക്കളില്‍ നിന്ന് എന്‍.ഐ.എ നിര്‍ബന്ധപൂര്‍വം വെള്ളപ്പേപ്പറില്‍ ഒപ്പുവാങ്ങിയെന്ന് വസ്തുതാന്വേഷണ സമിതി. പിടിയിലാവര്‍ക്ക് ഒരു രാഷ്ട്രീയവുമായും ബന്ധമില്ല. എല്ലാവരും ദാരിദ്ര്യ രേഖക്ക് താഴെയുള്ള തൊഴിലാളികളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കേരളത്തില്‍നിന്ന് മൂന്നുപേരെയക്കം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി പത്ത് തൊഴിലാളികളെ കഴിഞ്ഞ മാസമാണ് എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്.

അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, ബോന്ധി മുക്തി കമ്മറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് വസ്തുതാന്വേഷണ സംഘം ബംഗാളിലെ മുര്‍ഷിദാബാദിലെത്തിയത്. അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങിയ 18 അംഗ സംഘത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

പിടിയിലാവര്‍ക്ക് എന്‍.ഐ.എയില്‍നിന്ന് ക്രൂരമായ ശാരീരിക മര്‍ദനമേറ്റു. വീട്ടിലെ കൊച്ചു കുട്ടികളെപ്പോലും ആക്രമിച്ചു. അര്‍ധരാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെത്തിയ സംഘം വീടിന്‍റെ വാതിലുകള്‍ തകര്‍ത്തു. വെള്ളപേപ്പറില്‍ ഒപ്പിട്ടുവാങ്ങിയത് സംശയാസ്പദമാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. അറസ്റ്റ് സമയത്ത് പാലിക്കേണ്ട നിയമങ്ങളെല്ലാം അട്ടിമറിച്ചു. ബന്ധുക്കള്‍ക്ക് അറസ്റ്റിനെക്കുറിച്ച് ഒരു വിവരവും നല്‍കിയില്ല. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനെയും ന്യൂനപക്ഷ കമ്മീഷനെയും സമീപിക്കാനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആലോചന.