LiveTV

Live

Kerala

വി. മുരളീധരന്‍റെ വിദേശസന്ദര്‍ശനത്തില്‍ സ്മിത മേനോന്‍; പ്രോട്ടോകോള്‍ ലംഘനമുണ്ടായോ എന്ന് പി.എം ഓഫീസ് അന്വേഷിക്കുന്നു

പി.ആര്‍ മാനേജര്‍ സ്മിത മേനോന്‍ എങ്ങനെ മന്ത്രിതല സംഘത്തിനൊപ്പം യു.എ.ഇയിലെ പരിപാടിയില്‍ പങ്കെടുത്തുവെന്ന കാര്യത്തിലാണ് അന്വേഷണം.

വി. മുരളീധരന്‍റെ വിദേശസന്ദര്‍ശനത്തില്‍ സ്മിത മേനോന്‍; പ്രോട്ടോകോള്‍ ലംഘനമുണ്ടായോ എന്ന് പി.എം ഓഫീസ് അന്വേഷിക്കുന്നു

കേന്ദ്ര വിദേശകാര്യ സഹമന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചുവെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ ജോയിന്‍റ് സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടി. പി.ആര്‍ മാനേജര്‍ സ്മിത മേനോന്‍, എങ്ങനെ മന്ത്രിതലസംഘത്തിനൊപ്പം യു.എ.ഇയിലെ പരിപാടിയില്‍ പങ്കെടുത്തുവെന്ന കാര്യത്തിലാണ് അന്വേഷണം. വിദേശകാര്യ ജോയിന്‍റ് സെക്രട്ടറി അരുണ്‍ കെ. ചാറ്റര്‍ജിയോടാണ്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്.

വി. മുരളീധരന് എതിരായ പരാതി പരിശോധിക്കാന്‍ പബ്ലിക്ക് അണ്ടര്‍ സെക്രട്ടറി അംബുജ് ശര്‍മ്മയെ പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ ജോയിന്‍റ് സെക്രട്ടറിയോട് പ്രോട്ടോകോള്‍ ലംഘനം നടന്നോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. നയതന്ത്ര സംഘത്തില്‍ ഇല്ലാതിരുന്നിട്ടും പരിപാടിയില്‍ സ്മിത മേ‌നോന്‍ പങ്കെടുത്തത് എങ്ങനെയെന്ന കാര്യവും പരിശോധിക്കും

വിദേശകാര്യ ജോയിന്‍റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മറ്റ് തുടര്‍ നടപടികള്‍ ഉണ്ടാകൂ. സ്മിത മേനോന്‍ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തതിനെ ചൊല്ലി പാര്‍ട്ടിയിലും മുറുമുറുപ്പുകള്‍ തുടരുകയാണ്. തന്‍റെ അനുവാദത്തോടെയാണ് സ്മിത മേനോന്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് വി. മുരളീധരന്‍ സമ്മതിച്ചിരുന്നു.