LiveTV

Live

Kerala

ശ്രീറാം വെങ്കിട്ടരാമന്‍ വ്യാജ വാര്‍ത്ത കണ്ടെത്തുന്ന സമിതിയില്‍; പി.ആര്‍.ഡിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

ആരോഗ്യവകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാമിനെ വകുപ്പ് പ്രതിനിധിയായാണ് ഫാക്ട് ചെക്ക് ഡിവിഷനില്‍ ഉള്‍പ്പെടുത്തിയത്.

ശ്രീറാം വെങ്കിട്ടരാമന്‍ വ്യാജ വാര്‍ത്ത കണ്ടെത്തുന്ന സമിതിയില്‍; പി.ആര്‍.ഡിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്‍.ഡി സംഘത്തിലേക്ക് നാമനിര്‍ദേശം ചെയ്തു. ആരോഗ്യവകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാമിനെ വകുപ്പ് പ്രതിനിധിയായാണ് ഫാക്ട് ചെക്ക് ഡിവിഷനില്‍ ഉള്‍പ്പെടുത്തിയത്.

ആരോഗ്യവകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയായി തിരിച്ചെത്തിയ ശ്രീറാമിന് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്‍റെയും സി.എഫ്.എല്‍.ടി.സികളുടെയും ചുമതലയാണ് നല്‍കിയിരുന്നത്. പിന്നാലെയാണ് വ്യാജവാര്‍ത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാല്‍ അവ‌ക്കെതിരായ നടപടിക്ക് പൊലീസിന് കൈമാറുക, വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ സത്യാവസ്ഥ മറ്റു വകുപ്പുകളില്‍നിന്ന് ശേഖരിച്ച് ജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ ദൗത്യങ്ങളുള്ള ഫാക്ട് ചെക്ക് വിഭാഗത്തിലേക്കും ശ്രീറാം നിയോഗിക്കപ്പെടുന്നത്. നേരത്തെ ആരോഗ്യ വകുപ്പില്‍ നിയമിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്ന സമയത്ത് കോവിഡില്‍ ശ്രീറാമിനെ പോലുള്ളവരുടെ സാന്നിധ്യം വേണമെന്ന ന്യായീകരണം പറഞ്ഞാണ് ആരോഗ്യവകുപ്പ് തടിതപ്പിയത്. ഐഎഎസ് ലോബിയുടെ സമ്മര്‍ദ്ദമാണ് ശ്രീരാമിന്‍റെ നിയമനത്തിന് പിന്നിലെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന് മൂന്നുതവണ കോടതി നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരായിരുന്നില്ല. സുഹൃത്തായ വഫ ഫിറോസാണ് കാറോടിച്ചതെന്ന് പറഞ്ഞതടക്കം ന്യായങ്ങള്‍ ഉന്നയിക്കാന്‍ ശ്രീറാം ശ്രമിച്ചിക്കുകയും ചെയ്തിരുന്നു.

കോവിഡ് കാലയളവിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ജൂണിലാണ്
പി.ആര്‍.ഡിയില്‍ ഫാക്ട് ചെക്ക് വിഭാഗത്തിന് രൂപം നല്‍കിയത്. പി.ആര്‍.ഡി സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയില്‍ പൊലീസ്, ഐടി, ആരോഗ്യം റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥരുണ്ട്. കൂടാതെ സൈബര്‍ സെക്യൂരിറ്റി, ഫാക്ട് ചെക്കിംഗ് വിദഗ്ധര്‍, സൈബര്‍ ഡോം, ഫോറന്‍സിക് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, സിഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് മറ്റുള്ളവര്‍.