LiveTV

Live

Kerala

'മലയാളി പഠിക്കുന്നില്ല'; ഒ.എല്‍.എക്സ് തട്ടിപ്പ് സജീവം, കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 16,000 രൂപ

വിറ്റുപോയ വാഹനത്തിന്‍റെ ചിത്രങ്ങളും രേഖകളും ഉപയോഗിച്ചാണ് തട്ടിപ്പ്. സമാനമായ കേസുകൾ വർഷങ്ങളായി റിപ്പോർട്ട് ചെയ്തിട്ടും തട്ടിപ്പിന് തടയിടാൻ പോലീസിനാകുന്നില്ല

'മലയാളി പഠിക്കുന്നില്ല'; ഒ.എല്‍.എക്സ് തട്ടിപ്പ് സജീവം, കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 16,000 രൂപ

പട്ടാളക്കാരന്‍റെ സ്കൂട്ടർ വിൽക്കാനെന്ന വ്യാജേന ഒ.എൽ.എക്സിൽ പരസ്യം നൽകി തട്ടിപ്പ് നടത്തുന്ന രീതി ഇപ്പോഴും സജീവം. വിറ്റുപോയ വാഹനത്തിന്‍റെ ചിത്രങ്ങളും രേഖകളും ഉപയോഗിച്ചാണ് തട്ടിപ്പ്. സമാനമായ കേസുകൾ വർഷങ്ങളായി റിപ്പോർട്ട് ചെയ്തിട്ടും തട്ടിപ്പിന് തടയിടാൻ പോലീസിനാകുന്നില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിക്ക് തട്ടിപ്പിലൂടെ 16,000 രൂപ നഷ്ടമായി.

ഒരു സ്കൂട്ടർ വില്‍പ്പനയുടെ പേരിൽ കോഴിക്കോട് മൂന്ന് സ്റ്റേഷനുകളിൽ പരാതി വന്നിട്ടുണ്ട്. കെ.എൽ 57 എൻ 2856 നമ്പർ ഹോണ്ട ആക്ടീവയാണ് തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്ന പുതിയ വാഹനം. കോഴിക്കോട് കൊടുവള്ളി സ്വദേശിയുടെ പേരിലുള്ള വാഹനമാണ്. ഇത് വിൽക്കാനുണ്ടെന്ന് കാണിച്ച് ഒ.എല്‍.എക്സിൽ പരസ്യം വന്നു. കോഴിക്കോട് പന്നിയങ്കര സ്വദേശി മുസ്തഫ ലഭിച്ച നമ്പറിൽ വിളിക്കുകയും ചെയ്തു. എല്ലാം പതിവ് രീതി. പട്ടാളക്കാരനാണ്. എയർപോർട്ടിനകത്താണ്. പാർസൽ വഴി അയച്ചു തരും. ആദ്യ ഘഡു പണം നൽകണം.

ഇതേ നമ്പർ ഈ വാഹനം ഉപയോഗിച്ച് തട്ടിപ്പ് നടന്നുവെന്ന് കാണിച്ച് വെള്ളയിൽ, കൂരാച്ചുണ്ട്, പന്നിയങ്കര മലപ്പുറം കരിപ്പൂർ സ്റ്റേഷനിലും പരാതി വന്നിട്ടുണ്ട്. അതായത് ഒരു വാഹനം ഉപയോഗിച്ചുതന്നെ കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഇതിൽ നിരവധിപേർ തട്ടിപ്പിനിരയായി എന്ന് എന്ന് വ്യക്തം. തിരുവനന്തപുരത്തും കോട്ടയത്തും പാലക്കാടും തൃശ്ശൂരിലും നൂറുകണക്കിന് കേസുകളാണ് സമാനമായ ആയ രീതിയിൽ ഉണ്ടായത്.

തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സൈബർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസ് അന്വേഷണത്തിന് ഭാഗമായി രാജസ്ഥാൻ വരെ പോലീസ് എത്തുകയും ചെയ്തിരുന്നു. എന്നിട്ടും തട്ടിപ്പുകാരനെ മാത്രം ഇതുവരെ പിടികൂടാൻ പോലീസിനായിട്ടില്ല. തട്ടിപ്പിനെക്കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിട്ടും തട്ടിപ്പിൽ പെടാതെ രക്ഷപ്പെടാൻ മലയാളികൾക്ക് കഴിയുന്നുമില്ല.