LiveTV

Live

Kerala

യൂട്യൂബിലൂടെ അശ്ലീല പ്രചാരണം; ശ്രീലക്ഷ്മി അറക്കലിനെതിരെ പൊലീസ് കേസ്

അതെ സമയം തന്‍റെ അനുവാദമില്ലാതെ താന്‍ ചെയ്ത വീഡിയോകള്‍ അനാവശ്യ തമ്പ്നെയില്‍ ഉപയോഗിച്ച് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത് ആരൊക്കെയാണെന്ന് അറിയില്ലെന്ന് ശ്രീലക്ഷ്മി പ്രതികരിച്ചു

യൂട്യൂബിലൂടെ അശ്ലീല പ്രചാരണം; ശ്രീലക്ഷ്മി അറക്കലിനെതിരെ പൊലീസ് കേസ്

യൂട്യൂബ് ചാനലിലൂടെ അശ്ലീല സംഭാഷണങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചെന്ന പരാതിയില്‍ ആക്ടിവിസ്റ്റും വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബർ പൊലീസ് കേസെടുത്തു. മെൻസ് റൈറ്റ് അസോസിയേഷൻ ഭാരവാഹി അഡ്വ. നെയ്യാറ്റിൻകര നാഗരാജ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് സൈബർ പൊലീസ് എഫ്.ഐ.ആർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ചു.

ശ്രീലക്ഷ്മി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങൾ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്കു നയിച്ച് സമൂഹത്തിൽ അരാജകത്വമുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചതായി പരാതിയിൽ പറയുന്നു. ശ്രീലക്ഷ്മിയുടെ യൂട്യൂബ് ചാനലുകൾ സംബന്ധിച്ച വിവരങ്ങളും ലിങ്കുകളും പരാതിയോടൊപ്പം സമര്‍പ്പിച്ചിരുന്നു.

അതെ സമയം തന്‍റെ അനുവാദമില്ലാതെ താന്‍ ചെയ്ത വീഡിയോകള്‍ അനാവശ്യ തമ്പ്നെയില്‍ ഉപയോഗിച്ച് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നത് ആരൊക്കെയാണെന്ന് അറിയില്ലെന്ന് ശ്രീലക്ഷ്മി പ്രതികരിച്ചു. ഇങ്ങനെ ചെയ്യുന്നവരെ പൊലീസ് കണ്ടെത്തണമെന്നാണ് ആഗ്രഹമെന്നും ശ്രീലക്ഷ്മി പറഞ്ഞു. ജാമ്യം ലഭിക്കുന്ന നിസ്സാരവകുപ്പുകൾ ചുമത്തിയുള്ള എഫ്.ഐ.ആറാണ് പൊലീസ് ഇവര്‍ക്കെതിരെ കോടതിയിൽ നൽകിയിട്ടുള്ളത്.

യൂട്യൂബിലൂടെ സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച വിജയ് പി നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ശ്രീലക്ഷ്മിയും അടങ്ങുന്ന സംഘം കൈയ്യേറ്റം ചെയ്യുകയും മഷി ഒഴിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശ്രീലക്ഷ്മിക്കെതിരെ വലിയ രീതിയില്‍ സൈബര്‍ ആക്രമണവും നടന്നിരുന്നു.