LiveTV

Live

Kerala

യൂത്ത് ലീഗില്‍ മുനവ്വറലി തങ്ങൾ തുടരാൻ സാധ്യത, പി.കെ ഫിറോസ് തന്നെ ജനറല്‍ സെക്രട്ടറിയായേക്കും

പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കേണ്ട സമയം കഴിഞ്ഞെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് വരെ നിലവിലുള്ള കമ്മിറ്റി തുടരാനാണ് സാധ്യത.

യൂത്ത് ലീഗില്‍ മുനവ്വറലി തങ്ങൾ തുടരാൻ സാധ്യത, പി.കെ ഫിറോസ് തന്നെ ജനറല്‍ സെക്രട്ടറിയായേക്കും

പ്രായപരിധി കഴിഞ്ഞെങ്കിലും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടരാൻ നേതൃതലത്തിൽ ധാരണ. പി.കെ ഫിറോസ് തന്നെയാകും ജനറൽ സെക്രട്ടറി. പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കേണ്ട സമയം കഴിഞ്ഞെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് വരെ നിലവിലുള്ള കമ്മിറ്റി തുടരാനാണ് സാധ്യത.

മുസ്‌ലിം യൂത്ത് ലീഗ് അംഗത്വത്തിനുള്ള പരമാവധി പ്രായം 40 വയസ്സാണ്. അതിനാൽ നിലവിലെ ഭാരവാഹികളിൽ ഭൂരിഭാഗം പേർക്കും പുതിയ കമ്മിറ്റിയിൽ തുടരാൻ കഴിയില്ല. ഇതോടെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് യൂത്ത് ലീഗ് പിടിക്കാനുള്ള ശ്രമങ്ങൾ നേതാക്കൾക്കിടയിൽ തുടങ്ങി. പി.കെ ഫിറോസ് പ്രസിഡൻ്റും ടി.പി അഷ്റഫലി ജനറൽ സെക്രട്ടറിയുമാകുന്ന കമ്മിറ്റിയായിരുന്നു ഫിറോസിനെ അനുകൂലിക്കുന്നവരുടെ ലക്ഷ്യം. സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ മുജീബ് കാടേരിയെ ജനറൽ സെക്രട്ടറിയാക്കാനുള്ള ചരടുവലികൾ സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിൻ്റെ നേതൃത്വത്തിലും നടന്നു.

രണ്ട് പക്ഷമായി തിരിഞ്ഞതോടെ മലപ്പുറത്തടക്കമുള്ള ജില്ലകളിൽ നിയോജക മണ്ഡലം കമ്മിറ്റികൾ പോലും രൂപീകരിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് സമവായ ശ്രമങ്ങളുടെ ഭാഗമായി പ്രായപരിധി കഴിഞ്ഞെങ്കിലും പ്രസിഡന്റായി മുനവ്വറലി ശിഹാബ് തങ്ങൾ തുടരട്ടെയെന്ന ധാരണയിൽ നേതൃത്വം എത്തിയത്. അതിൻ്റെ ഭാഗമായി പാണക്കാട് ശാഖ കമ്മിറ്റിയിൽ നിന്ന് മുനവ്വറലി തങ്ങൾ മെമ്പർഷിപ്പ് എടുത്തു. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമേ പുതിയ കമ്മിറ്റി നിലവിൽ വരൂവെന്നാണ് സൂചന. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ മാത്രമാണ് പുതിയ ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നിട്ടുള്ളൂ.