LiveTV

Live

Kerala

ഓപറേഷന്‍ പി ഹണ്ട്; കേരള സൈബർ ഡോമിനെ അഭിനന്ദിച്ച് നോബല്‍ ജേതാവ് കൈലാഷ് സത്യാർത്ഥി

കോവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമ വീഡിയോകള്‍ അധികരിച്ചതായും കേരള സൈബര്‍ ഡോമിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൈലാഷ് സത്യാര്‍ത്ഥി കുറിച്ചു

ഓപറേഷന്‍ പി ഹണ്ട്; കേരള സൈബർ ഡോമിനെ അഭിനന്ദിച്ച് നോബല്‍ ജേതാവ് കൈലാഷ് സത്യാർത്ഥി

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകള്‍ക്കുമെതിരായ കേരള സൈബര്‍ ഡോമിന്‍റെ ഓപറേഷന്‍ പി ഹണ്ടിനെ അഭിനന്ദിച്ച് നോബൽ ജേതാവ് കൈലാഷ് സത്യാർത്ഥി. സൈബർ ഡോമിനെയും നോഡൽ ഓഫീസർ മനോജ് എബ്രഹാമിനെയും അഭിനന്ദിച്ച് കൊണ്ട് ട്വിറ്ററിലൂടെയാണ് കൈലാഷ് സത്യാർത്ഥി പ്രതികരിച്ചത്. കോവിഡ് സാഹചര്യത്തില്‍ കുട്ടികള്‍ക്കെതിരായ അതിക്രമ വീഡിയോകള്‍ അധികരിച്ചതായും കേരള സൈബര്‍ ഡോമിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കൈലാഷ് സത്യാര്‍ത്ഥി കുറിച്ചു. ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെയെന്നും സത്യാര്‍ത്ഥി ആശംസിച്ചു. 2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജനാണ് കൈലാഷ് സത്യാർത്ഥി.

കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 41 പേർ ഓപ്പറേഷന്‍ പീഹണ്ടിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം കേരള പൊലീസിന്‍റെ അറസ്റ്റിലായിരുന്നു. സംസ്ഥാന വ്യാപകമായി 326 സ്ഥലങ്ങളിലാണ് ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ ഭൂരിഭാഗം പേരും ഐടി വിദഗ്ദ്ധരാണെന്നാണ് സൈബര്‍ ഡോം വ്യക്തമാക്കുന്നത്. പാലക്കാടും എറണാകുളം റൂറലിലുമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് 9 പേരും എറണാകുളം ആറ് പേരും പിടിയിലായി. ഇവരില്‍ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങള്‍ വിശദ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.