LiveTV

Live

Kerala

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ യു.എ.ഇ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ

കള്ളക്കടത്തിന്‍റെ മുഖ്യ ആസൂത്രകർ മുഹമ്മദ് ഷാഫിയും റമീസുമാണെന്നും ദുബൈയില്‍ വെച്ച് ഗൂഡാലോചന നടന്നതായും എന്‍.ഐ.എ പറഞ്ഞു

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ യു.എ.ഇ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസിനെയും യു.എ.ഇ ഭരണകൂടം ദുബൈയിൽ അറസ്റ്റ് ചെയ്തതായി എന്‍.ഐ.എ. ആറു പ്രതികൾക്കെതിരെ ഇന്‍റര്‍പോൾ വഴി ബ്ലൂ കോർണർ നോട്ടീസ് അയച്ചതായും എന്‍.ഐ.എ പറഞ്ഞു. ഫൈസൽ ഫരീദ്, റബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ, അഹമദ് കുട്ടി, രതീഷ്, മുഹമ്മദ്‌ ഷമീർ എന്നിവര്‍ക്കെതിരെയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയച്ചത്. കള്ളക്കടത്തിന്‍റെ മുഖ്യ ആസൂത്രകർ മുഹമ്മദ് ഷാഫിയും റമീസുമാണെന്നും ദുബൈയില്‍ വെച്ച് ഗൂഡാലോചന നടന്നതായും എന്‍.ഐ.എ പറഞ്ഞു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷിതത്വം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും സ്വർണം പിടിച്ചതിനു ശേഷമാണ് അഹമ്മദ് കുട്ടിയും രതീഷും യു.എ.ഇയിലേക്ക് കടന്നതെന്നും എന്‍.ഐ.എ പറഞ്ഞു.

ഇവർക്ക് വിദേശത്ത് സംരക്ഷകരുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ കൂടുതലും നടന്നത് വിദേശത്താണെന്നും അന്വേഷണത്തിന് യു.എ.ഇയുടെ പൂർണ്ണ സഹകരണം ലഭ്യമായതായും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു. ആഗസ്റ്റ് 11, 12 തീയതികളിൽ എൻ.ഐ.എ യു.എ.ഇയിൽ എത്തിയതായും അവിടെ നിന്ന് ഇനിയും കൂടുതൽ തെളിവ് ശേഖരണം ആവശ്യമായി വരുമെന്നും കോടതിയെ അറിയിച്ചു. റിവേഴ്‌സ് ഹവാല വഴി ഇടപാടുകളുടെ സിംഹഭാഗവും നടന്നത് യു.എ.ഇയിൽ ആണെന്നും കേരളത്തിൽ നിന്നും ഹവാല ഇടപാടിലൂടെ പണം ദുബൈയിലെത്തിച്ചു അവിടെ നിന്ന് സ്വർണം വാങ്ങി നയതന്ത്ര ബാഗേജ് വഴി അയച്ചതായും എന്‍.ഐ.എ കണ്ടെത്തലായി പറഞ്ഞു. ഇതിനായി വ്യാജ രേഖകളുണ്ടാക്കിയതായും ഏഴാം പ്രതി മുഹമ്മദ് ഷാഫിയാണ് ഇതിനായി പണം മുടക്കിയതും പദ്ധതി ഒരുക്കിയതെന്നും എന്‍.ഐ.എ വിശദീകരിച്ചു.

അന്വേഷണത്തിന്‍റെ കേസ് ഡയറി സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയില്‍ ഹാജരാക്കി. കേസ് ഡയറി ഒരു മണിക്കൂറുനുള്ളിൽ പരിശോധിച്ച് തിരിച്ച് നൽകാമെന്ന് കോടതി അറിയിച്ചു. അതെ സമയം കേസ് ഡയറി നോക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍(എ.എസ്.ജി) പറഞ്ഞു. എഫ്.ഐ.ആറിലെ ഭീകരവാദ സംഘടനക്കുള്ള സാമ്പത്തിക സഹായം എന്ന കുറ്റാരോപണത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് നാളെ വിശദീകരണം നല്‍കാമെന്നും എ.എസ്.ജി അറിയിച്ചു. കേസ് നാളെ മൂന്ന് മണിക്ക് വീണ്ടും പരിഗണിക്കും.