LiveTV

Live

Kerala

ഡിസ്ട്രിക് ഡവലപ്മെന്‍റ് കമ്മീഷണര്‍ തസ്തിക: സര്‍ക്കാര്‍ നടപടിക്കെതിരെ ഭരണപക്ഷത്ത് നിന്നും എതിര്‍പ്പ്

ആറ് ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ഡിസ്ട്രിക് ഡവലപ്മെന്‍റ് കമ്മീഷണര്‍മാരായി നിയോഗിച്ചായിരുന്നു സര്‍ക്കാര്‍ ഉത്തരവ്

ഡിസ്ട്രിക് ഡവലപ്മെന്‍റ് കമ്മീഷണര്‍ തസ്തിക: സര്‍ക്കാര്‍ നടപടിക്കെതിരെ ഭരണപക്ഷത്ത് നിന്നും എതിര്‍പ്പ്

വികസനപദ്ധതികളുടെ മേല്‍നോട്ടത്തിനായി ഡിസ്ട്രിക് ഡവലപ്മെന്‍റ് കമ്മീഷണര്‍ എന്ന പുതിയ തസ്തിക സൃഷ്ടിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഭരണപക്ഷത്ത് നിന്ന് എതിര്‍പ്പ് ഉയരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ അനുകൂല സര്‍വീസ് സംഘടനയായ ജോയിന്‍റ് കൌണ്‍സില്‍ രംഗത്ത് വന്നു. അനാവശ്യ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത വരുത്തി വെക്കുകയാണെന്നാണ് ജോയിന്‍റ് കൌണ്‍സിലിന്‍റെ കുറ്റപ്പെടുത്തല്‍.

ആറ് ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ ഡിസ്ട്രിക് ഡവലപ്മെന്‍റ് കമ്മീഷണര്‍മാരായി നിയോഗിച്ചായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. പദ്ധതികളുടെ നടത്തിപ്പിന് ആസൂത്രണ ബോര്‍ഡിന് കീഴില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ നിലവിലുണ്ട്. പിന്നെ എന്തിനാണ് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പുതിയ തസ്തികയെന്നാണ് ജോയിന്‍റ് കൌണ്‍സിലിന്‍റെ ചോദ്യം.

ക്രമസമാധാനപാലനത്തിന് കലക്ടറെ സഹായിക്കാന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമാര്‍ നിലവിലുണ്ട്. റവന്യു വിഷയത്തില്‍ സഹായിക്കാന്‍ ജില്ലാ റവന്യു ഓഫീസര്‍മാരായി സിനീയര്‍ ഡെപ്യൂട്ടി കലക്ടര്‍മാരെ നിയമിക്കണമെന്ന് ശമ്പള പരിഷ‌്കരണ കമ്മീഷന്‍ 10 വര്‍ഷം മുമ്പ് നിര്‍ദേശിച്ചിരുന്നു, സാമ്പത്തിക ബാധ്യത ചൂണ്ടികാട്ടി സര്‍ക്കാര്‍ ഈ തസ്തിക സൃഷ്ടിച്ചിരുന്നില്ല. അതിനിടെയാണ് ഓഫീസും സ്റ്റാഫും വാഹനവുമടക്കം ലക്ഷങ്ങളുടെ ബാധ്യത വരുന്ന തസ്തിക സൃഷ്ടിച്ചതെന്നാണ് ജോയിന്‍റ് കൌണ്‍സിലിന്‍റെ കുറ്റപ്പെടുത്തല്‍.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ 60ല്‍ പരം കേഡര്‍ തസ്തികള്‍ നിലവില്‍ ഒഴിഞ്ഞ് കിടക്കുകയാണ്. പുതിയ തസ്തിക ഭാവിയില്‍ ഭാരമായി മാറുമെന്നും അതിനാല്‍ പിന്‍വലിക്കണമെന്നുമാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം.