LiveTV

Live

Kerala

ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്: എന്‍ട്രന്‍സ് കമ്മീഷണറുടെ നടപടി ദുരൂഹമെന്ന് പരാതി

കീം പ്രൊസ്പക്ടസും ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് കൊണ്ട് എഞ്ചിനിയറിംഗ് - ആർകിടെക്ചർ കോഴ്സുകളുടെ ഓപ്ഷൻ രജിസ്ട്രേഷൻ വേവ്വേറെയാക്കുന്നതിനെതിരെയാണ് പരാതി.

ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ്: എന്‍ട്രന്‍സ് കമ്മീഷണറുടെ നടപടി ദുരൂഹമെന്ന് പരാതി

ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് വൈകിക്കുന്നതില്‍ ദുരൂഹതയെന്ന് പരാതി. കീം പ്രൊസ്പക്ടസും ചട്ടങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് കൊണ്ട് എഞ്ചിനിയറിംഗ് - ആർകിടെക്ചർ കോഴ്സുകളുടെ ഓപ്ഷൻ രജിസ്ട്രേഷൻ വേവ്വേറെയാക്കുന്നതിനെതിരെയാണ് പരാതി.

കീം പ്രോസ്പെക്ടസ് പ്രകാരം 3 സ്ട്രീം ആയാണ് ഓപ്ഷൻ രജിസ്ട്രേഷൻ നടത്തേണ്ടത്. അതിൽ എഞ്ചിനിയറിംഗ് സ്ട്രീമിൽ ആർകിടെക്ചറും ഉൾപ്പെടുന്നു. ആർക്കിടെക്ചറിന്‍റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനാൽ ബിആര്‍ക് - ബിടെക് കോഴ്സ് - കോളജ് കോമ്പിനേഷനുകൾ ഒരേ സമയം ഉൾപ്പെടുത്താൻ വിദ്യാർത്ഥികൾക്ക് ഇക്കുറി അവസരം കിട്ടില്ല. ഇങ്ങനെ ബിആര്‍ക്, ബിടെക് അലോട്ട്മെന്‍റ് വ്യത്യസ്ത ഘട്ടങ്ങളിലാക്കുന്നത് വിദ്യാർത്ഥികളിൽ ആശയക്കുഴപ്പഴങ്ങൾക്കും. അധിക പണച്ചെലവിനും പ്രയാസങ്ങൾക്കും ഇടവരുത്തും. ബിടെകിന് മാത്രമായി ഇപ്പോൾ നടത്തുന്ന ഓപ്ഷൻ രജിസ്ട്രേഷൻ പ്രോസ്പെക്ടസിലെ 11.3 ബി ചട്ടങ്ങളുടെയും ഇതുവരെയുള്ള കീഴ് വഴക്കങ്ങളുടെയും ലംഘനവുമാണെന്നും പരാതിയുണ്ട്.

ഹയർ സെക്കണ്ടറി മാർക്കും നാറ്റ സ്കോറും പരിഗണിച്ചാണ് ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. നാറ്റയുടെ രണ്ടാം ഘട്ട പരീക്ഷാഫലവും സെപ്തംബർ 18 ന് പ്രസിദ്ധീകരിച്ചു. ഹയർ സെക്കണ്ടറി മാർക്കും നാറ്റ സ്കോറും സമർപ്പിക്കാൻ സെപ്തംബർ 22 മുതൽ 25 വരെ സമയം അനുവദിച്ചു കൊണ്ട് കമ്മീഷണർ വിജ്ഞാപനം പുറപ്പെടുവിക്കുകയും വിദ്യാർത്ഥികൾ അപ് ലോഡ് ചെയ്യുകയും ചെയ്തു. നടപടിക്രമം പൂർത്തിയായതുകൊണ്ട് ഏതു ദിവസവും ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് വരുമെന്ന് വിദ്യാര്‍ഥികള്‍ കാത്തിരിക്കുമ്പോഴാണ് മാർക്ക് സമർപ്പിക്കാന്‍ വീണ്ടും 3 ദിവസം അവസരം നൽകിക്കൊണ്ട് ഇന്നലെ കമ്മീഷണറുടെ വിജ്ഞാപനം വന്നത്.

നാറ്റ റിസർട്ട് വന്ന് 16 ദിവസത്തിനു ശേഷം ഇങ്ങനെ വീണ്ടും അവസരം നൽകിയതിന്‍റെ കാരണം ദുരൂഹമാണ്. മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണത്തിന് രേഖകൾ സമർപ്പിക്കാൻ മൂന്ന് അവസരങ്ങൾ നൽകിയതും കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ എഞ്ചിനിയറിംഗ് ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചതും ഇഡബ്ല്യുഎസ് കാറ്റഗറി ലിസ്റ്റ് ഇപ്പോഴും പ്രസിദ്ധീകരിക്കാത്തതും ഇഡബ്ല്യുഎസ് കാറ്റഗറിയിലെ എംബിബിഎസ് സീറ്റുകൾ ഭൂരിപക്ഷവും നടപടിക്രമം തെറ്റിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലാക്കിയതുമടക്കം ഈ വർഷം കമ്മീഷണറുടെ പല നടപടികളും ദുരൂഹമായിരുന്നു. ഇതിന് പിന്നാലെയാണ് ആർക്കിടെക്ചർ പ്രവേശനത്തിലെ നടപടികളും വിവാദമാകുന്നത്.