LiveTV

Live

Kerala

ആരാണ് ഡ്രാക്കുള സുരേഷ്? സുരേഷ് 'ഡ്രാക്കുള' ആയതിന് പിന്നിലൊരു കണ്ണീര്‍ കഥയുണ്ട്!

നിരവധി തവണ മോഷണത്തിനിടയിലുള്ള 'അബദ്ധങ്ങളാല്‍' വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന പുത്തൻകുരിശ് കുണ്ടേലിക്കുടിയിൽ സുരേഷ് 'ഡ്രാക്കുള സുരേഷ്' ആയതിന് പിന്നില്‍ കണ്ണീര്‍ നിറക്കുന്ന ഒരു കഥയുണ്ട്

ആരാണ് ഡ്രാക്കുള സുരേഷ്? സുരേഷ് 'ഡ്രാക്കുള' ആയതിന് പിന്നിലൊരു കണ്ണീര്‍ കഥയുണ്ട്!

കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് മൂന്നാം തവണയാണ് പൊലീസിന്‍റെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ട് പിടിക്കപ്പെടുന്നത്. കോലഞ്ചേരി കോളേജിന് സമീപത്ത് നിന്ന് ഇന്ന് രാവിലെയാണ് 'ഡ്രാക്കുള സുരേഷ്' പുത്തൻകുരിശ് പൊലീസിൻ്റെ വലയിലായത്. നിരവധി തവണ മോഷണത്തിനിടയിലുള്ള 'അബദ്ധങ്ങളാല്‍' വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ സുരേഷ് 'ഡ്രാക്കുള സുരേഷ്' ആയതിന് പിന്നില്‍ കണ്ണീര്‍ നിറക്കുന്ന ഒരു കഥയുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. തുഷാര്‍ നിര്‍മല്‍ ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പങ്കുവെക്കുന്നത് ഇങ്ങനെയാണ്:

ദരിദ്രമായ സാഹചര്യത്തില്‍ തേങ്ങാ മോഷണത്തിനായിരുന്നു 'ഡ്രാക്കുള സുരേഷ്' ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത്. സ്വന്തമായി വക്കീലിനെ വെക്കാൻ കഴിയാത്തതു കൊണ്ട് സർക്കാർ വക്കീലാണ് അന്ന് സുരേഷിന് വേണ്ടി ഹാജരായത്. കുറ്റം സമ്മതിച്ചാൽ ജയിലിൽ കിടന്നകാലം ശിക്ഷയായി കണക്കാക്കി വിട്ടയക്കും എന്ന സർക്കാർ വക്കീലിന്‍റെ ഉപദേശത്താല്‍ അന്ന് കുറ്റം സമ്മതിച്ച ഡ്രാക്കുള സുരേഷിനെ ആ കേസില്‍ പിന്നീട് കോടതി വിട്ടയച്ചു. കോടതി വെറുതെ വിട്ടെങ്കിലും പൊലീസ് വെറുതെ വിടാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് അയാൾ താമസിക്കുന്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ എവിടെ കളവു നടന്നാലും സുരേഷിനെ പൊലീസ് പിടിച്ചു കൊണ്ട് പോകാൻ തുടങ്ങി. അങ്ങനെ ദാരിദ്ര്യാവസ്ഥയിൽ കളവു തുടങ്ങിയ സുരേഷ് ഒരു സ്ഥിരം കള്ളനായി മാറി എന്നാണ് സുരേഷ് പറയുന്നത്.

മോഷണം നടത്തിയ കള്ളന്‍ രക്ഷപ്പെടാന്‍ ചാടിയത് 'വെള്ളമില്ലാത്ത' പുഴയില്‍; അത്ഭുതകരമായി 'രക്ഷപ്പെട്ടു'
Also Read

മോഷണം നടത്തിയ കള്ളന്‍ രക്ഷപ്പെടാന്‍ ചാടിയത് 'വെള്ളമില്ലാത്ത' പുഴയില്‍; അത്ഭുതകരമായി 'രക്ഷപ്പെട്ടു'

മിക്ക മോഷണങ്ങളും രാത്രിയില്‍ നടത്തിയത് കൊണ്ടാണ് ഡ്രാക്കുള സുരേഷ് എന്ന പേര് വരാന്‍ കാരണം. ഇതിന് മുമ്പ് മോഷണത്തിനിടെ രക്ഷപ്പെടാനായി വെള്ളമില്ലാത്ത പുഴയില്‍ ചാടി ഡ്രാക്കുള സുരേഷിന് ഗുരുതരമായി പരിക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. അന്ന് ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ രക്ഷപ്പെടുത്തിയത്. അഞ്ചു വർഷം മുമ്പ് കോലഞ്ചേരിയിൽ പള്ളിയിൽ മോഷണം നടത്താൻ കയറിയ ഇയാൾ വെന്‍റിലേറ്ററിൽ കുടുങ്ങി ഉറങ്ങിപ്പോയിരുന്നു. അന്ന് പൊലീസെത്തിയാണ് ഇയാളെ പുറത്തെടുത്തത്. പൊലീസ് ജീപ്പിന്‍റെ ചില്ലു തകർത്ത് കുപ്പിച്ചില്ലു വിഴുങ്ങി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതടക്കം കേസുകള്‍ സുരേഷിന്‍റെ പേരില്‍ നിലവിലുണ്ട്. 2001 മുതൽ പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ 20ൽ അധികം കേസുകളിൽ പ്രതിയാണ് ഡ്രാക്കുള സുരേഷ്. ഇന്ന് പിടിക്കപ്പെടുന്ന സമയത്ത് കോവിഡ് പോസിറ്റീവായതിനാല്‍ കളമശ്ശേരിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. പിടികൂടിയ ഒരു എ.എസ്.ഐയും മൂന്ന് പൊലീസുകാരും ക്വാറൻ്റൈനിലാണ്.

കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിൽ
Also Read

കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ് വീണ്ടും പിടിയിൽ

തുഷാര്‍‍ നിര്‍മലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഡ്രാക്കുള ചാട്ടം തന്നെ ചാട്ടം...

ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ എറണാകുളം എഡിഷനിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ടാണ് ഇത്. സുരേഷ് എന്ന കള്ളനെ കുറിച്ചാണ് വാർത്ത. സുരേഷിന്റെ വട്ടപ്പേരാണ് ഡ്രാക്കുള സുരേഷ്. പത്തു ദിവസത്തിനിടെ മൂന്നാം തവണയും പോലീസിന്റെ കണ്ണ് വെട്ടിച്ചു കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു എന്നതാണ് സുരേഷിനെ മാതൃഭൂമി പാത്രത്തിൽ വാർത്താ പ്രാധാന്യമുള്ള ഒരാളാക്കിയത് . ആൾ ഒരു സൈക്കോ ആണെന്നും വാർത്തയിൽ വളരെ ആധികാരികമായി തന്നെ പറയുന്നുണ്ട്. പോലീസ് ജീപ്പിന്റെ ചില്ലു തകർത്ത് കുപ്പിച്ചില്ലു വിഴുങ്ങി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. മൂവാറ്റുപുഴയിൽ കഴിഞ്ഞ ജൂണിൽ മോഷണത്തിന് ശേഷം നാട്ടുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ പെരുവംമൂഴി പാലത്തിൽ നിന്നും ചാടി. വീണത് വെള്ളമില്ലാത്ത സ്ഥലത്തായിരുന്നു. അസ്ഥികൾ ഒടിഞ്ഞെന്നും കോവിഡാണെന്നും പറഞ്ഞു തലയൂരാൻ ശ്രമിച്ചു. പരിശോധനയിൽ കാര്യമായ പരിക്കില്ലെന്നു ബോധ്യപ്പെട്ടു എന്നുമാണ് 'ആളൊരു സൈക്കോ' എന്ന തലക്കെട്ടിനു കീഴിൽ നൽകിയ വാർത്ത. ഇത് കൊണ്ടൊക്കെ ഒരാളെ സൈക്കോ എന്ന് വിളിക്കാമെന്നു ആധികാരികമായി പറയാൻ പറ്റുന്ന ആളാണോ ലേഖകൻ മുതൽ മാതൃഭൂമി പത്രാധിപർ വരെയുള്ള ആളുകൾ എന്നെനിക്കു സംശയമുണ്ട്. പക്ഷെ സുരേഷിന് വേണ്ടി ആരും ചോദിയ്ക്കാൻ ഇല്ല എന്നത് കൊണ്ട് ആർക്കും ഒരു പ്രശ്നവും ഇല്ല. അയാളെ കുറിച്ച് എന്തും പറയാമല്ലോ.

ജയിൽ വാസ കാലത്ത് കുറച്ചു കാലം ഈ പറയുന്ന ഡ്രാക്കുള സുരേഷും ഞാനും ഒരേ സെല്ലിൽ ഉണ്ടായിരുന്നു. ഞാൻ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരനായി എത്തിയ സമയത്ത് ഡ്രാക്കുള സുരേഷും അവിടെ തടവുകാരനായി ഉണ്ടായിരുന്നു. അന്ന് അയാൾ മറ്റൊരു സെല്ലിൽ ആയിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു നാൾ ഉച്ച ഭക്ഷണത്തിനുള്ള സമയമാവുന്നതിനു കുറച്ചു മുൻപ് ഡ്രാക്കുള ജീൻസ് പാന്റും ഷർട്ടും ഒക്കെ ധരിച്ചു ഞങ്ങളുടെ ഒൻപതാം നമ്പർ സെല്ലിന് മുന്നിൽ എത്തി. പുള്ളിയുടെ ഒരു കൂട്ടുകാരൻ ഞങ്ങളുടെ സെല്ലിൽ ഉണ്ടായിരുന്നു. "അളിയാ ജാമ്യം കിട്ടി..ഞാൻ പോകുവാ.." എന്ന് യാത്ര പറഞ്ഞു നടന്നു നീങ്ങുകയും ചെയ്തു. അതിനു ശേഷം ഒരാഴ്ച്ച കഴിയുന്നതിനു മുൻപ് തന്നെ ഡ്രാക്കുള തിരിച്ചെത്തി. വരവ് അത്ര പന്തിയല്ലായിരുന്നു. മുൻവശം മുകൾ നിരയിലെ രണ്ടു പല്ലുകൾ ഇല്ലാതെയാണ് ഡ്രാക്കുള തിരിച്ചെത്തിയത്. മോഷണ ശ്രമം ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് അറിവ്. ഏതായാലും ഡ്രാക്കുള വന്ന സമയം മുതൽ അസ്വസ്ഥനായിരുന്നു. വേറൊരു സെല്ലിലാണ് അടച്ചത്. പക്ഷെ സഹതടവുകാരുടെ വഴക്കുണ്ടാക്കിയതിനെ തുടർന്ന് അദ്ദേഹത്തെ ആ സെല്ലിൽ നിന്നും മാറ്റി. ശിക്ഷയായി രണ്ടു ദിവസത്തെ ഏകാന്ത തടവ് കഴിഞ്ഞപ്പോൾ ഡ്രാക്കുളയെ ഞങ്ങളുടെ സെല്ലിൽ അടച്ചു. അങ്ങനെയാണ് ഡ്രാക്കുള സുരേഷ് ഞങ്ങളുടെ സെല്ലിൽ എത്തുന്നത്.

വക്കീലേ എനിക്ക് സമാധാനമായി ജീവിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ പോലീസുകാർ സമ്മതിക്കുന്നില്ല എന്ന് സുരേഷ് എന്നോട് പറഞ്ഞിട്ടുണ്ട്. ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത് തേങ്ങാ മോഷണത്തിനായിരുന്നു എന്നാണ് സുരേഷ് പറയുന്നത്. സുരേഷിനു അച്ഛൻ മാത്രമാണ് ഉണ്ടായിരുന്നത്. വളരെ ദരിദ്രമായ സാഹചര്യങ്ങളിലാണ് വളർന്നത്. അതിനിടയിലായിരുന്നു തേങ്ങാ മോഷണത്തിന് അറസ്റ്റ് ചെയ്യപ്പെടുന്നത്. അറസ്റ്റ് ചെയ്തത് അച്ഛൻ അറിഞ്ഞത് ഒരുപാട് സമയം കഴിഞ്ഞിട്ടാണ്. സ്വന്തമായി വക്കീലിനെ വെക്കാൻ കഴിയാത്തതു കൊണ്ട് സർക്കാർ വക്കീലാണ് സുരേഷിന് വേണ്ടി ഹാജരായത്. അങ്ങനെ 3-4 മാസം കഴിഞ്ഞ് ഒരു ദിവസം കോടതിയിൽ ചെന്നപ്പോൾ കുറ്റം സമ്മതിച്ചാൽ ജയിലിൽ കിടന്നകാലം ശിക്ഷയായി കണക്കാക്കി വിട്ടയക്കും എന്ന് സർക്കാർ വച്ച് കൊടുത്ത വക്കീൽ ഉപദേശിച്ചു. അങ്ങനെ സുരേഷ് കുറ്റം സമ്മതിച്ചു. പറഞ്ഞത് പോലെ തന്നെ ജയിലിൽ കിടന്ന കാലം ശിക്ഷാ കാലാവധിയായി പരിഗണിച്ച് കോടതി വിധി വന്നു. അങ്ങനെ സുരേഷ് ആദ്യ കേസിൽ ജയിൽ മോചിതനായി. പക്ഷെ പിന്നീട് അയാൾ താമസിക്കുന്ന പോലീസ് സ്റ്റേഷൻ പരിധിയിൽ കളവു നടന്നാൽ സുരേഷിനെ പോലീസ് പിടിച്ചു കൊണ്ട് പോകാൻ തുടങ്ങി. അങ്ങനെ ദാരിദ്ര്യാവസ്ഥയിൽ കളവു തുടങ്ങിയ സുരേഷ് ഒരു സ്ഥിരം കള്ളനായി മാറി എന്നാണ് സുരേഷ് പറയുന്നത്. കളവു നിറുത്തി ഒരു സമയം പണിക്കൊക്കെ പോയി ജീവിക്കാൻ സുരേഷ് തീരുമാനിച്ചിരുന്നു. പക്ഷെ ഒരു ദിവസം പണി കഴിഞ്ഞു തൃപ്പൂണിത്തുറയിൽ ഒരു ബാറിൽ കേറി മദ്യപിച്ച് ഒരു പൈന്റും വാങ്ങി. അവിടെ നിന്നിറങ്ങി കുറച്ചു മീനും വാങ്ങിച്ചു ബസ്സു കയറാൻ നിൽക്കുമ്പോഴായിരുന്നു ഒരു പോലീസ് ജീപ്പ് അതിലെ വന്നത്.സുരേഷിനെ കണ്ടു ജീപ്പ് നിറുത്തി ഇറങ്ങി വന്ന പോലീസുകാരൻ എന്തൊക്കെയുണ്ട് സുരേഷേ എന്ന് ചോദിച്ച് അടുത്തു വന്നു. ഇതെന്താ കയ്യിൽ വാ ചോദിക്കട്ടെ എന്ന് പറഞ്ഞു ജീപ്പിൽ കയറ്റി കൊണ്ട് പോയി. മോഷണോദ്യേശത്തോടെ കടയുടെ മുന്നിൽ നിൽക്കുന്നതായി കാണപ്പെട്ടു എന്ന് ആരോപിച്ചു റിമാൻഡ് ചെയ്തു എന്നും പുറത്തിറങ്ങിയാൽ ഉടനെ തന്നെ അടുത്ത കേസിൽ ജയിലിൽ അടക്കും എന്നും സുരേഷ് പറയുന്നു. സുരേഷ് കളവു നടത്തിയിട്ടില്ല എന്നു ആയാളും പറയുന്നില്ല. കളവു അല്ലാതെ മറ്റെന്തു ചെയ്യാൻ ? പക്ഷെ അയാളെ ഒരു കള്ളനാക്കി മാറ്റുന്നതിൽ പോലീസിനും കോടതിക്കും ജയിലിനും ഒക്കെ ഉത്തരവാദിത്തമുണ്ട്. സമൂഹത്തിൽ നിന്നും മാറ്റി നിറുത്തപ്പെടേണ്ട ഒരു സാമൂഹ്യ വിരുദ്ധനായിട്ടാണ് ഈ വ്യവസ്ഥിതി അയാളെ കാണുന്നത്. അത് കൊണ്ട് അയാൾ കളവു നടത്തിയാലും ഇല്ലെങ്കിലും അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ തള്ളപ്പെടുകയും ചെയ്യും.

പക്ഷെ പോലീസ് വാർത്തകൾ ഇങ്ങനെ എഴുതി നിറക്കുമ്പോൾ ഒരു കാര്യം ഓർത്താൽ കൊള്ളാം നിങ്ങൾ സൈക്കോ എന്നും അക്രമാസക്തനായ കള്ളനെന്നും മറ്റും എഴുതി പിടിപ്പിക്കുന്നത് ഒരു മനുഷ്യനെ കുറിച്ചാണ്., അയാളുടെ ഭാഗം എന്താണെന്ന് ഒരിയ്ക്കലും നിങ്ങൾ അന്വേഷിക്കാത്ത ഒരു മനുഷ്യനെ കുറിച്ച്.

ഡ്രാക്കുള ചാട്ടം തന്നെ ചാട്ടം... ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ എറണാകുളം എഡിഷനിൽ വന്ന ഒരു വാർത്തയുടെ തലക്കെട്ടാണ് ...

Posted by Thushar Nirmal on Sunday, October 4, 2020