LiveTV

Live

Kerala

ആനക്കാംപൊയില്‍ - മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി നിര്‍വഹിച്ചു

തുരങ്കത്തിന് ആറ് ദശാംശം എട്ട് കിലോമീറ്റർ നീളം വരുമെന്നാണ് കണക്കാക്കുന്നത്. മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ

ആനക്കാംപൊയില്‍ - മേപ്പാടി തുരങ്കപാതയുടെ പ്രൊജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി നിര്‍വഹിച്ചു

വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിന് ബദലായി നിര്‍മിക്കുന്ന ആനക്കാംപൊയിൽ - മേപ്പാടി തുരങ്കപാതയുടെ പ്രോജക്ട് ലോഞ്ചിംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പരിസ്ഥിതി സൌഹൃദമായ പദ്ധതി മൂന്നു വർഷത്തിനുള്ളിൽ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവമ്പാടിയില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി പങ്കെടുത്തത്.

വായനാട്ടിലേക്ക് ചുരമില്ലാത്ത യാത്ര എന്ന സ്വപ്നാമാണ് സഫലമാകുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന 7 കിലോമീറ്ററോളം തുരങ്ക പാതയാണ് നിർമിക്കുന്നത്.

രാജ്യത്തെ നീളം കൂടിയ തുരങ്ക പാതകളിലൊന്ന് എന്ന സവിശേഷത കൂടി പാത പൂർത്തിയാകുന്നതോടെ യാഥാർഥ്യമാകും. തിരുവമ്പാടിയിൽ വെച്ച് നടന്ന പദ്ധതി ലോഞ്ചിങ് ഉദ്‌ഘാടനത്തിൽ മന്ത്രിമാരായ ടിപി രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ, എം.വി ശ്രേയാംസ് കുമാർ എം.പി തുങ്ങിയവരും പങ്കെടുത്തു.

പാത പൂർത്തിയാകുന്നതോട് കൂടി മേഖലയിലെ സമഗ്ര വികസനത്തിന് കൂടി തുടക്കം കുറിക്കുമെന്നു തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസ് പറഞ്ഞു. കൊങ്കൺ റെയിൽ കോർപറേഷൻ ആണ് നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയിൽ നിന്നും 658 കോടി രൂപയുടെ ഭരണാനുമതി നൽകിക്കഴിഞ്ഞു. കൊങ്കൺ റെയിൽ കോർപറേഷനും, കിഫബിയും, പി.ഡബ്ല്യു.ഡിയും പദ്ധതി പൂർത്തീകരണത്തിനായി സംയുക്ത കരാറിലേർപ്പെട്ടിട്ടുണ്ട്. പാതയുടെ ലോഞ്ചിങ് പൂർത്തിയായതോടെ വലിയ പ്രതീക്ഷയാണ് നാട്ടുകാരും പങ്കുവെക്കുന്നത്.