LiveTV

Live

Kerala

വയനാട് ഫെയര്‍ലാന്‍റിലെ 256 കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ നിര്‍ദേശം

സർക്കാർ ഉത്തരവുണ്ടായിട്ടും ഒന്നര വർഷമായി പട്ടയം നൽകുന്നത് താമസിപ്പിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും മന്ത്രി ജില്ലാ കലക്ടറോട് നിർദേശിച്ചു

വയനാട് ഫെയര്‍ലാന്‍റിലെ 256 കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ നിര്‍ദേശം

വയനാട് ബത്തേരി ഫെയർലാന്‍ഡ് കോളനിയിലെ 256 കുടുംബങ്ങൾക്ക് ഒരു മാസത്തിനകം പട്ടയം നൽകാൻ ജില്ലാ കലക്ടർക്ക് റവന്യൂ മന്ത്രിയുടെ നിർദേശം. സർക്കാർ ഉത്തരവുണ്ടായിട്ടും കൈവശക്കാര്‍ക്ക് പട്ടയം നൽകാത്തത് സംബന്ധിച്ച് മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചു.

ബത്തേരി നഗരസഭയിലെ 22 ആം ഡിവിഷനിലുൾപ്പെടുന്ന ഫെയർലാന്‍ഡ് സീക്കുന്ന് പ്രദേശത്തുള്ളവര്‍ക്കാണ് പട്ടയം നല്‍കാനുള്ളത്. 18.82 ഹെക്ടർ വരുന്ന ഭൂമിയിലെ കൈവശകാർക്ക് പട്ടയം നൽകാനായി മൂന്ന് ഉത്തരവുകൾ ഇറങ്ങിയെങ്കിലും 43 കുടുംബങ്ങൾക്ക് മാത്രമാണ് പട്ടയം ലഭിച്ചത്. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിച്ചതോടെയാണ് സർക്കാർ ഇടപെട്ടത്.

സർക്കാർ ഉത്തരവുണ്ടായിട്ടും ഒന്നര വർഷമായി പട്ടയം നൽകുന്നത് താമസിപ്പിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും മന്ത്രി ജില്ലാ കലക്ടറോട് നിർദേശിച്ചിട്ടുണ്ട്. ബത്തേരി നഗരസഭയായി മാറിയതോടെ ആദ്യം വന്ന ഉത്തരവ് നിലനിൽക്കില്ലെന്നായിരുന്നു പട്ടയം നൽകാത്തതിന് തടസ്സമായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്.

പിന്നീട് പുതുക്കിയ ഉത്തരവ് വന്നെങ്കിലും ഇതേ സർവ്വെ നമ്പറിലെ നാല് ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തതാണെന്ന് കാണിച്ച് ഒരാൾ നൽകിയ പരാതി പ്രകാരം പട്ടയം നിഷേധിച്ചു. പ്രദേശവാസികള്‍ക്ക് രേഖകള്‍ നല്‍കാനായി സര്‍ക്കാര്‍ ഉത്തരവിറക്കുന്നത് ഇത് നാലാം തവണയാണ്.