LiveTV

Live

Kerala

യുവാവിന്‍റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം വാഗ്ദാനം ചെയ്തവര്‍ പണം നല്‍കിയില്ല; പ്രതിസന്ധിയിലായി കുടുംബം

എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശി സജേഷ് തമ്പിക്കാണ് ഈ ദുരവസ്ഥയുണ്ടായത്

യുവാവിന്‍റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം വാഗ്ദാനം ചെയ്തവര്‍ പണം നല്‍കിയില്ല; പ്രതിസന്ധിയിലായി കുടുംബം

യുവാവിന്‍റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം വാഗ്ദാനം ചെയ്തവര്‍ ശസ്ത്രക്രിയയുടെ മണിക്കൂറുകള്‍ക്ക് മുന്‍പ് പണം നല്‍കാതിരുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഒരു കുടുംബം. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശി സജേഷ് തമ്പിക്കാണ് ഈ ദുരവസ്ഥയുണ്ടായത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കരള്‍ രോഗബാധിതനാണ് സജേഷ്. ജീവന്‍ നിലനിര്‍ത്തന്‍ കരള്‍ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണ് നിര്‍ധന കുടുംബം സഹായത്തിനായി സുമനസുകളുടെ മുന്നില്‍ കൈനീട്ടിയത്. വാര്‍ഡ് കൌണ്‍സിലറുടെ നേതൃത്വത്തില്‍ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നതിനിടെയാണ് ശസ്ത്രക്രിയയുടെ മുഴുവന്‍ തുകയും വാഗ്ദാനം ചെയ്ത് സന്നദ്ധപ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി ഒരാള്‍ എത്തിയത്. ശസ്ത്രക്രിയക്ക് വേണ്ട 25 ലക്ഷം രൂപ സമാഹരിച്ച് ഉടന്‍ നല്‍കുമെന്നും ശസ്ത്രക്രിയക്കുളള തിയതി നിശ്ചയിക്കാനും എടപ്പാളിലുളള അബ്ദുല്‍ നാസര്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ പറഞ്ഞു.

പ്രത്യേക സംഘടനയുടെ പേരിലല്ല ജീവകാരുണ്യപ്രവൃത്തിയെന്നും കൂട്ടായ്മയില്‍ നിരവധി പേരുണ്ടെന്നും അറിയിച്ചു. ഇടക്കിടെ വിളിച്ച് കുടംബത്തിന്‍റെയും ആശുപത്രിയിലെയും കാര്യങ്ങളും തിരക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് പൂര്‍ണമായി കുടുംബം ഈ സഹായ വാഗ്ദാനത്തെ വിശ്വസിച്ചു. പക്ഷെ ശസ്ത്രക്രിയ തുടങ്ങുന്നതിന്‍റെ മണിക്കൂറുകള്‍ക്ക് മുന്‍പ് സഹായവാഗ്ദാനം നല്‍കിയവരുടെ ഒരു വിവരവും ഇല്ലാതായി. ശസ്ത്രക്രിയക്ക് ശേഷം സജേഷ് ഉന്മേഷത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതോടെ ഇനി എന്ത് ചെയ്യുമെന്നറിയാതെ കണ്ണീരോടെ കഴിയുകയാണ് ഈ കുടുംബം.