LiveTV

Live

Kerala

റോഡില്ല; ഒടുവില്‍ ആദിവാസികള്‍ വനത്തിലൂടെ റോഡ് വെട്ടി

പാലക്കാട് ജില്ലയിലെ കൊല്ലംങ്കോട് റെയ്ഞ്ചിലെ തേക്കടി അല്ലി മൂപ്പൻ കോളനിയിലുള്ളവരാണ് വനം വകുപ്പിന്‍റെ എതിർപ്പ് മറികടന്ന് റോഡ് വെട്ടിയത്

റോഡില്ല; ഒടുവില്‍ ആദിവാസികള്‍ വനത്തിലൂടെ  റോഡ് വെട്ടി

റോഡില്ലാതെ പ്രയാസം അനുഭവിച്ച ആദിവാസികൾ വനത്തിനകത്ത് കൂടെ റോഡ് വെട്ടി. പാലക്കാട് ജില്ലയിലെ കൊല്ലംങ്കോട് റെയ്ഞ്ചിലെ തേക്കടി അല്ലി മൂപ്പൻ കോളനിയിലുള്ളവരാണ് വനം വകുപ്പിന്‍റെ എതിർപ്പ് മറികടന്ന് റോഡ് വെട്ടിയത്. കേരളത്തിലൂടെ റോഡില്ലാത്തത് മൂലം തമിഴ്നാട് കടന്ന് കിലോമീറ്ററുകൾ താണ്ടി വേണം അല്ലി മൂപ്പൻ കോളനി നിവാസികൾക്ക് പഞ്ചായത്ത് ഓഫീസിൽ പോലും എത്തിച്ചേരാൻ.

മുതലമട പഞ്ചായത്തിലാണ് തേക്കടി അല്ലി മൂപ്പൻ കോളനി .പഞ്ചായത്ത് ഓഫീസിലെത്താൻ തമിഴ്നാട് വനം വകുപ്പിന്‍റെ അനുമതി വാങ്ങണം. പലപ്പോഴും അനുമതി ലഭിക്കാറുമില്ല.തേക്കടി മുതൽ ചെമ്മണാം പതി വരെ ഉള്ള 6 കിലോമീറ്റർ വനത്തിലൂടെ റോഡ് നിർമ്മിച്ചാൽ സുഖമായി മുതലമടയിലെത്താം. ഇപ്പോൾ തമിഴ്നാട് വഴി 42 കിലോമീറ്റർ സഞ്ചരിച്ചാലോ മുതലമടയിലെത്താൻ കഴിയൂ. പല തവണ അപേക്ഷ നൽകിയിട്ടും റോഡ് യാഥാർഥ്യമാകതെ വന്നതോടെ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിയുടെ ഫോട്ടോകളുമായി കാടിന്‍റെ മക്കൾ വനത്തിലൂടെ റോഡ് വെട്ടി.

റോഡ് നിർമ്മിക്കാൻ നേരത്തെ ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും പറമ്പിക്കുളം വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ കേന്ദ്ര വനം പരിസ്ഥി മന്ത്രാലയം റോഡ് നിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ല. സമരക്കാരെ പിന്തിരിപ്പിക്കാൻ നെന്മാറ എം.എൽ.എയും വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ജീപ്പ് കോളനിയിലെത്താൻ സൗകര്യം ഉണ്ടാക്കുന്ന വിധം റോഡ് നിർമ്മിക്കുമെന്ന നിലപാടിലാണ് ആദിവാസി കൂട്ടായ്മ. അനുമതി ഇല്ലാതെ റോഡ് വെട്ടിയവർക്കെതിരെ വനം വകുപ്പ് കേസ് എടുത്തു